ഹവാന: രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമായിരിക്കെ റഷ്യയിൽനിന്ന് ഇന്ധനം വാങ്ങാൻ ക്യൂബയ്ക്ക് അമേരിക്ക അനുമതി നൽകി. അമേരിക്കയുടെ എണ്ണ ഉപരോധം നിലനിൽക്കെ റഷ്യയിൽനിന്നുള്ള ഭീമൻ ക്രൂഡ് ഓയിൽ ടാങ്കർ ക്യൂബയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകി.
എണ്ണക്കപ്പൽ അവിടെയെത്തുന്നതിന് തടസം നിൽക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇതോടെ 7,30,000 ബാരൽ ക്രൂഡ് ഓയിൽ വഹിച്ചുള്ള അനാറ്റൊലി കൊളൊദ്കിൻ എന്ന റഷ്യൻ പതാകയുള്ള ടാങ്കർ ക്യൂബയിലെ മാതാൻസാസ് തുറമുഖത്ത് ഇന്നലെ രാവിലെയെത്തി.
ക്യൂബൻ സർക്കാരിനെ സമ്മർദത്തിലാക്കാൻ ട്രംപ് ഭരണകൂടം സ്വീകരിച്ചുവന്ന കർശനമായ നിലപാടുകളിൽനിന്നുള്ള അപ്രതീക്ഷിത മാറ്റമാണിത്. യുഎസ് ഭരണകൂടം ഏർപ്പെടുത്തിയ ഇന്ധന ഉപരോധം തത്കാലം മാറ്റിവയ്ക്കുന്ന ഈ നടപടി കടുത്ത ഊർജ പ്രതിസന്ധിയും ഇന്ധനക്ഷാമവും നേരിടുന്ന ക്യൂബയ്ക്ക് വലിയ ആശ്വാസമാണ്.
കമ്യൂണിസ്റ്റ് ഭരണത്തിലുള്ള ഈ ദ്വീപ് രാജ്യത്തിനുമേൽ അമേരിക്ക കഴിഞ്ഞ മാസങ്ങളിൽ സമ്മർദം ശക്തമാക്കിയിരുന്നു. ക്യൂബയുടെ പ്രധാന എണ്ണവിതരണക്കാരായ വെനസ്വേലയിൽനിന്നുള്ള വിതരണം തടയുകയും മറ്റു വിതരണക്കാർക്ക് അധികനികുതി ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
വെനസ്വേലൻ പ്രസിഡന്റിനെ അമേരിക്ക പിടികൂടിയതോടെയാണ് ക്യൂബയിലേക്കുള്ള എണ്ണവിതരണം നിലച്ചത്.
Tags : Relief for Cuba US allows purchase Russian oil