വാഷിംഗ്ടൺ ഡിസി: യുഎസ്-ഇറാൻ യുദ്ധത്തെ വിമർശിച്ച ലെയോ പതിനാലാമൻ മാർപാപ്പയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
പോപ്പ് രാഷ്ട്രീയക്കാരനാകാൻ ശ്രമിക്കാതെ സഭയുടെ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. കോമൺസെൻസ് ഉപയോഗിക്കണം. വെനിസ്വേലയോടും ഇറാനോടും പോപ്പിന് മൃദു സമീപനമാണ്. തീവ്ര ഇടത് ചിന്താഗതിക്കാരെ സഹായിക്കുന്ന നിലപാടാണ് പോപ്പിന്റേതെന്നും ട്രംപ് കുറ്റപ്പെടുത്തി.
‘പോപ്പാകാനുള്ള ഒരു പട്ടികയിലും അദ്ദേഹം ഉണ്ടായിരുന്നില്ല, ഒരു അമേരിക്കക്കാരനായതിനാൽ മാത്രമാണ് സഭ അദ്ദേഹത്തെ അതിൽ ഉൾപ്പെടുത്തിയത്. പ്രസിഡന്റ് ഡോണാൾഡ് ജെ. ട്രംപുമായി ഇടപെടാനുള്ള ഏറ്റവും നല്ല മാർഗമെന്ന നിലയിലായിരുന്നു സഭയുടെ ആ തെരഞ്ഞെടുപ്പ്. പോപ്പിന്റെ തെരഞ്ഞെടുപ്പ് ഞെട്ടിപ്പിക്കുന്ന അത്ഭുതം ആയിരുന്നു. അതിനുള്ള നന്ദി കാണിക്കണം’ -ട്രംപ് പറഞ്ഞു.
‘പോപ്പ് ലെയോ കുറ്റകൃത്യങ്ങളുടെയും ആണവായുധങ്ങളുടെയും കാര്യത്തിൽ ദുർബലനാണ്. മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ രാഷ്ട്രീയ സഹായിയും ഇടതുപക്ഷക്കാരനുമായ ഡേവിഡ് ആക്സൽറോഡുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നത് എനിക്ക് ഇഷ്ടമല്ല. പള്ളിയിൽ പോകുന്നവരെയും പുരോഹിതന്മാരെയും അറസ്റ്റ് ചെയ്യണമെന്ന് ആഗ്രഹിച്ചവരിൽ ഒരാളാണ് അദ്ദേഹം’ -ട്രംപ് ആരോപിച്ചു.
അമേരിക്കൻ പ്രസിഡന്റിനെ വിമർശിക്കുന്ന നടപടി ഒരു പോപ്പിൽ നിന്ന് താൻ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെ' ആണ് ട്രംപ് രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിൽ പോപ്പ് യുദ്ധത്തെ ശക്തമായി വിമർശിക്കുകയും ലോക സമാധാനത്തിനായി പ്രാർഥിക്കുകയും ചെയ്തിരുന്നു. ഇതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.
Tags : Trump criticizes Pope Leo Iran war