കുന്നംകുളം: ഓൺ ചെയ്തു നിർത്തിയിട്ടിരുന്ന ഇലക്ട്രിക് ഓട്ടോറിക്ഷയുമായി നാല് വയസുകാരി കിണറ്റിലേക്ക് മറിഞ്ഞു. തൃശൂർ കുന്നംകുളം മരത്തംകോട് അമ്പലം പള്ളി സ്വദേശികളായ ബിന്നി-സീമ ദമ്പതികളുടെ മകൾ എൽസി (4) ആണ് അപകടത്തിൽപ്പെട്ടത്. ചെറിയ പരിക്കുകളോടെ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.
ഓട്ടോറിക്ഷ ഡ്രൈവറായ കുട്ടിയുടെ അമ്മയുടെ പിതാവ് (മുത്തച്ഛൻ) ഉച്ചഭക്ഷണം കഴിക്കുന്നതിനായി വീട്ടിലേക്ക് വന്ന സമയത്താണ് അപകടമുണ്ടായത്. വീട്ടിലെത്തിയ അദ്ദേഹം ഇലക്ട്രിക് ഓട്ടോറിക്ഷയുടെ ചാവി ഓഫ് ചെയ്യാൻ മറന്നിരുന്നു. ഈ സമയത്താണ് എൽസി ഓട്ടോറിക്ഷയിൽ കയറി കളിക്കാൻ തുടങ്ങിയത്.
കളിക്കുന്നതിനിടയിൽ കുട്ടി അബദ്ധത്തിൽ വാഹനത്തിന്റെ ആക്സിലേറ്റർ തിരിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മുന്നോട്ട് നീങ്ങുകയും വീടിന്റെ വശത്തുണ്ടായിരുന്ന കിണറ്റിലേക്ക് മറിഞ്ഞ് വീഴുകയുമായിരുന്നു. ഓട്ടോറിക്ഷയോടൊപ്പം കുട്ടിയും കിണറ്റിൽ വീണു.
ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരും ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. അയൽവാസി ധീരമായി കിണറ്റിൽ ഇറങ്ങി കുട്ടിയെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ വിദഗ്ധ പരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് കുന്നംകുളം ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി കിണറ്റിൽ കിടക്കുന്ന ഓട്ടോറിക്ഷ പുറത്തെടുക്കാനുള്ള നടപടികൾ സ്വീകരിച്ചു.
Tags : Auto Rickshaw Accident Thrissur Latest News