കൊച്ചി: വീട്ടുമുറ്റത്ത് കിടന്ന കാർ മാറ്റുന്നതിനിടെയുണ്ടായ അപകടത്തിൽ അരമണിക്കൂറോളം വാഹനത്തിനടിയിൽ കുടുങ്ങി യുവാവ്. മുളന്തുരുത്തി പുളിക്കമാലി ഷാപ്പുപറമ്പിൽ അഖിൽ രാജ് (30) ആണ് വാഹനത്തിനടിയിൽ കുടുങ്ങിയത്. മുളന്തുരുത്തിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് ഇയാളെ പുറത്തെടുത്തത്.
വ്യാഴാഴ്ച രാത്രി ഒൻപതോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാർ മാറ്റുന്നതിനായി അഖിൽ രാജിന്റെ ഭാര്യ വാഹനം സ്റ്റാർട്ട് ചെയ്തു. പരിചയക്കുറവിനെതുടർന്ന് ബ്രേക്കിന് പകരം ആക്സിലറേറ്റർ അമർത്തിയതോടെ കാർ നിയന്ത്രണംവിട്ട് മുന്നിൽ നിന്നിരുന്ന അഖിൽ രാജിനെ ഇടിച്ച് തെറിപ്പിക്കുകയും ഏകദേശം 50 മീറ്റർ വരെ വലിച്ചിഴച്ച് കൊണ്ടുപോകുകയും ചെയ്തു.
തുടർന്ന് കാർ മതിലിനും രണ്ട് മരങ്ങൾക്കും ഇടയിലേക്ക് ഇടിച്ച് കയറി. ഇതോടെ അഖിൽ രാജ് വാഹനത്തിനടിയിൽ പൂർണമായും കുടുങ്ങി. മതിലിനും മരങ്ങൾക്കും ഇടയിൽ കാർ കുടുങ്ങിയതിനാൽ നാട്ടുകാർക്ക് രക്ഷാപ്രവർത്തനം നടത്താൻ സാധിച്ചില്ല. അര മണിക്കൂറോളം ഇയാൾ വാഹനത്തിനടിയിൽ കിടന്നു.
ജെസിബി ഉപയോഗിച്ച് മതിൽ പൊളിച്ചശേഷം വാഹനത്തിനടിയിലെ മണ്ണ് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ കൈകൊണ്ട് നീക്കി ചെറിയ കുഴിയുണ്ടാക്കി യുവാവിനെ പുറത്തെടുക്കുകയായിരുന്നു. തലയ്ക്കും കാലിനും പരിക്കേറ്റ അഖിൽ രാജിനെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.