കൊച്ചി: തന്‍റെ പിന്തുണ വി.ഡി. സതീശന് തന്നെയെന്ന് കുന്നത്തുനാട് നിയുക്ത എംഎല്‍എ വി.പി. സജീന്ദ്രന്‍. എറണാകുളം പെരുമ്പാവൂരില്‍ ഒരു സ്വകാര്യ ചടങ്ങിന് എത്തിയപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചോദ്യത്തോടാണ് വി.പി. സജീന്ദ്രന്‍ പ്രതികരിച്ചത്. ഇതേ ചടങ്ങില്‍ എത്തിയ ബെന്നി ബഹ്നാന്‍ എംപിയോടും പിന്തുണ ആര്‍ക്കെന്ന ചോദ്യം ഉന്നയിക്കുന്നുണ്ട്.
വി.പി സജീന്ദ്രന്‍റെ അടുത്തേക്ക് എത്തിയ പ്രവര്‍ത്തകര്‍ എംഎല്‍എയോട് പിന്തുണ ആര്‍ക്കെന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തന്‍റെ പിന്തുണ വി.ഡിക്കാണെന്ന് വ്യക്തമാക്കിയതോടെ പ്രവര്‍ത്തകര്‍ ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു. ചടങ്ങില്‍ എത്തിയ ബെന്നി ബഹനാന്‍ എംപിയോടും ഇതേ ചോദ്യം പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു.
വി.ഡിയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബെന്നി ബഹനാന്‍ എംപിയോട് ആവശ്യപ്പെട്ടത്. തീരുമാനം വി.ഡിക്ക് എതിരാണെങ്കില്‍ സംസ്ഥാനത്ത് കൂടുതല്‍ പ്രതിഷേധങ്ങള്‍ നടക്കുമെന്നും പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
എന്നാല്‍ തങ്ങളല്ല ഹൈക്കമാന്‍ഡ് ആണ് തീരുമാനം എടുക്കുക എന്ന് പറഞ്ഞാണ് എംപി പ്രവര്‍ത്തകരെ അനുനയിപ്പിച്ചത്. എംപിയോട് വി.ഡിക്കായി സംസാരിക്കുന്ന പ്രവര്‍ത്തകരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. അതേസമയം, ആലുവ ദേശത്തെ വീട്ടില്‍ തുടരുകയാണ് വി.ഡി. സതീശന്‍.
സതീശന്‍റെ വീട്ടിലേക്ക് എംഎല്‍എമാരും പ്രവര്‍ത്തകരും എത്തുന്നുണ്ട്. വി.ഡി. സ്വന്തം മണ്ഡലമായ പറവൂരിലേക്ക് പോകുന്നതിന് മുമ്പെയാണ് മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ സെക്രട്ടറിയും കളമശേരി നിയുക്ത എംഎല്‍എയുമായ അബ്ദുല്‍ ഗഫൂര്‍ എത്തിയത്. പിന്നാലെ ഡിസിസി പ്രസിഡന്‍റും സതീശന്‍റെ അനുനായിയും കൊച്ചി നിയുക്ത എംഎല്‍എയുമായ മുഹമ്മദ് ഷിയാസും വി.ഡിയുടെ വീട്ടിലെത്തിയത്.
Tags : Activists VP Sajeendran VD Satheesan Chief Minister UDF