കൊച്ചി: ആശുപത്രിക്കിടക്കയിലായിരുന്നപ്പോഴും സ്വപ്നമുഹൂർത്തം സ്വന്തമാക്കാൻ ചേർത്തുപിടിച്ചവർക്ക് നന്ദി പറഞ്ഞ് ആവണി ആരോഗ്യവതിയായി വീട്ടിലേക്ക്. കൊച്ചി വിപിഎസ് ലേക്ഷോർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വിവാഹിതയായ ആവണി ചികിത്സയുടെ 12-ാം ദിനത്തിലാണ് ആശുപത്രിവിട്ടത്.
വിവാഹനാളിൽ മേയ്ക്കപ്പ് ചെയ്യാനുള്ള യാത്രയ്ക്കിടെയുണ്ടായ അപകടത്തെത്തുടർന്നാണ് ആവണി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ലേക്ഷോര് മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള പൂച്ചെണ്ട് നൽകി ആശംസകൾ അറിയിച്ചാണ് ആവണിയെ യാത്രയാക്കിയത്.
ആവണിയുടെ മാതാപിതാക്കളായ എം. ജഗദീഷ്, ജ്യോതി, സഹോദരൻ അതുൽ, ഭർതൃസഹോദരൻ റോഷൻ എന്നിവരും ആശുപത്രി അധികൃതരോട് നന്ദി പറഞ്ഞ് ഒപ്പമുണ്ടായിരുന്നു. ആവണിയുടെ കൊമ്മാടിയിലെ വീട്ടിലേക്കാണ് ആശുപത്രിയിൽനിന്നു മടങ്ങിയത്.
ന്യൂറോ സർജറി വിഭാഗം തലവൻ ഡോ. സുദീഷ് കരുണാകരന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. ആവണിയുടെ ചികിത്സാച്ചെലവ് വി.പി.എസ് ലേക്ഷോർ ചെയർമാൻ ഡോ. ഷംഷീർ വയലിൽ പൂർണമായും സൗജന്യമാക്കിയിരുന്നു.
നവംബർ 21ന് പുലർച്ചെ കുമരകത്തുണ്ടായ അപകടത്തിലാണ് ആവണിക്കു പരിക്കേറ്റത്. നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ത്തന്നെ വിവാഹം നടത്താനുള്ള കുടുംബത്തിന്റെ ആഗ്രഹപ്രകാരമാണ് ആശുപത്രി മംഗല്യവേദിയായത്.