കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായി ജനാധിപത്യപരമായ പ്രതിഷേധം മാത്രമാണ് കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയിട്ടുള്ളതെന്നും മന്ത്രിയെ ആക്രമിക്കുകയോ കൈയേറ്റം നടത്തുകയോ ചെയ്തിട്ടില്ലെന്ന് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണെന്നും ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പ്രസ്താവനയിൽ പറഞ്ഞു.
പോലീസ് വലയത്തിലായിരുന്നു മന്ത്രി. പ്രതിഷേധിച്ച കെഎസ്യു പ്രവർത്തകർ മന്ത്രിക്കരികിൽ എത്തുന്നതിനു മുമ്പുതന്നെ പോലീസ് പിടിച്ചുമാറ്റിയിരുന്നു. അതിനുശേഷം മന്ത്രി പരസ്യമായി കെഎസ്യു പ്രവർത്തകരെ വെല്ലുവിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
സംഭവത്തിനുശേഷം യാതൊരു കുഴപ്പവുമില്ലാതെ നടന്നുനീങ്ങിയ മന്ത്രിയെ പിന്നീട് സിപിഎം ഉന്നതങ്ങളിൽ രൂപപ്പെടുത്തിയ തിരക്കഥയനുസരിച്ചാണ് ജില്ലാ ആശുപത്രിയിലേക്കു മാറ്റിയത്.
മന്ത്രിയെ ആക്രമിച്ചുവെന്ന പ്രചാരണം വ്യാപകമായി നടത്തി, അതിന്റെ പേരിൽ സംസ്ഥാനത്തുടനീളം കലാപം അഴിച്ചുവിടാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. കൃത്യമായ തിരക്കഥ ഇതിനു പിന്നിലുണ്ടെന്ന് മാർട്ടിൻ ജോർജ് കൂട്ടിച്ചേർത്തു.
Tags : Kannur DCC President Martin George Conspiracy