കോട്ടയം: രാജ്യത്തെ നിശ്ചലമാക്കുന്ന പാചകവാതക പ്രതിസന്ധി നേരിടുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഗുരുതര വീഴ്ച. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നുള്ള പാചകവാതക ക്ഷാമത്തെ തുടര്‍ന്ന് രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും നഗരപ്രദേശങ്ങളില്‍ പകുതിയിലേറെ ഹോട്ടലുകള്‍ അടച്ചുപൂട്ടി.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പകുതിയിലേറെ ഹോട്ടലുകളും അടച്ചുപൂട്ടേണ്ടി വരുന്ന നിലയിലാണെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിന്‍ഡറുകളുടെ വിതരണത്തിനു കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് ഹോട്ടലുകള്‍ക്ക് ഷട്ടര്‍ വീണത്.
പ്രതിസന്ധി ആരംഭിച്ച് നാല് ദിവസമായിട്ടും സര്‍ക്കാര്‍ ഇതുവരെ യാതൊരു ഇടപെടലും നടത്തിയിട്ടില്ല. നാല് ദിവസം മുന്‍പാണ് സംസ്ഥാനത്തെ ഹോട്ടലുകള്‍ അടച്ചുപൂട്ടി തുടങ്ങിയത്. എന്നിട്ടും സര്‍ക്കാര്‍ ഇതുവരെ ചര്‍ച്ചയ്ക്കു വിളിക്കാന്‍ തയാറായിട്ടില്ല.
പെട്രോളിയം ഉത്പന്നങ്ങളുടെ കാര്യത്തില്‍ മതിയായ കരുതല്‍ ശേഖരം ഉറപ്പ് വരുത്തുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഗുരുതര വീഴ്ച വരുത്തിയതാണ് ഇപ്പോഴുണ്ടായ പാചകവാതക ക്ഷാമത്തിനു പിന്നലെന്നാണ് സൂചന. പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ച് ഒരാഴ്ച ആയപ്പോഴേക്കും പാചകവാതകത്തിനും പെട്രോളിയം ഉത്പന്നങ്ങള്‍ക്കും രാജ്യത്താകമാനം പ്രതിസന്ധി നേരിടുകയാണ്.
മാധ്യമങ്ങള്‍ക്കും സംഘടനകള്‍ക്കും വിവരങ്ങള്‍ നല്കുന്നതില്നിന്നു പാചകവാതക വിതരണ കമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സ്വകാര്യമേഖലയ്ക്ക് നിലവില്‍ പ്രതിസന്ധി ഇല്ലെന്നാണ് സൂചന. സാമ്പത്തികമായി കൊള്ളലാഭമുണ്ടാക്കാനുള്ള അവസരമായും ഇപ്പോഴുള്ള പ്രതിസന്ധി രാജ്യത്തെ സ്വകാര്യമേഖല അവസരമാക്കുന്നതായും പരാതിയുണ്ട്.
പൊതുമേഖലയിലെ സിലിണ്ടര്‍ വിതരണം നിലച്ചപ്പോഴും സ്വകാര്യമേഖലയിലുള്ള കമ്പനികള്‍ കൊള്ളലാഭത്തിന് വാണിജ്യസിലിണ്ടര്‍ വ്യാപകമായി വിതരണം ചെയ്യുന്നുണ്ട്. ഇരട്ടിയിലേറെ വില ഈടാക്കിയാണ് വറുതിയുടെ നാളുകളില്‍ സ്വകാര്യമേഖല പാചകവാതക സിലിണ്ടര്‍ വിതരണം ചെയ്യുന്നത്.
കഴിഞ്ഞ ആഴ്ച വരെ 17 കിലോഗ്രാം സിലിണ്ടറിന് 1550 രൂപയായിരുന്നത് കഴിഞ്ഞദിവസം 2000 രൂപയ്ക്കും പിന്നീട് ക്ഷാമം രൂക്ഷമായതോടെ 2650 രൂപയുമാണ് ഈടാക്കുന്നത്. അദാനിയടക്കമുള്ള സ്വകാര്യമേഖല പെട്രോളിയം, പാചകവാതക രംഗത്തും പിടിമുറുക്കിയതാണ് ഇത്തരമൊരു പ്രതിസന്ധിക്കിടയാക്കുന്നതെന്നും ആരോപണമുണ്ട്.
Tags : Cooking gas crisis hotels restaurant closing