കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ കണ്ണൂരിലും സിപിഎമ്മിന് തിരിച്ചടി. തളിപ്പറമ്പ് മണ്ഡലത്തിൽ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് മുതിർന്ന സിപിഎം നേതാവും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ട് വിമതനായേക്കുമെന്ന് റിപ്പോർട്ടുകൾ.
പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വത്തിനെതിരെ ടി.കെ. ഗോവിന്ദൻ തുടക്കം മുതൽ തന്നെ എതിർപ്പ് അറിയിച്ചിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ നടന്ന യോഗങ്ങളിൽ ഉൾപ്പെടെ ഗോവിന്ദൻ പങ്കെടുത്തിരുന്നില്ലെന്നാണ് വിവരം.
ഹാൻഡ് വീവ് ചെയർമാനാണ് നിലവിൽ ടി.കെ.ഗോവിന്ദൻ. പാർട്ടി കോട്ടയായ മണ്ഡലത്തിൽ ഉടലെടുത്തിരിക്കുന്ന പൊട്ടിത്തെറിയെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് കോൺഗ്രസ്. തളിപ്പറമ്പിൽ വി.പി. അബ്ദുൾ റഷീദിനെ കോൺഗ്രസ് സ്ഥാനാർഥിയായി തീരുമാനിച്ചിരുന്നു.
എന്നാൽ സിപിഎമ്മിൽ പുതിയ സംഭവ വികാസങ്ങൾ രൂപപ്പെട്ട സാഹചര്യത്തിൽ ടി.കെ ഗോവിന്ദൻ മത്സരിച്ചാൽ കോൺഗ്രസ് സ്ഥാനാർഥിയെ ഒഴിവാക്കി അദ്ദേഹത്തെ പിന്തുണച്ചേക്കുമെന്നും വിലയിരുത്തലുകളുണ്ട്.
Tags : cpm ldf kannur pk syamala tk govindan