പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റാരോപിതനായ തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവുമായ എ. പത്മകുമാറിനോട് വിശദീകരണം തേടി സിപിഎം.
സ്വർണക്കൊള്ള കേസിൽ കുറ്റപത്രം വന്നശേഷം നടപടി മതിയെന്ന മുൻ നിലപാടിൽ മാറ്റം വരുത്തിയാണ് ഇപ്പോൾ പത്മകുമാറിനോട് വിശദീകരണം ആരാഞ്ഞിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വർണക്കൊള്ള വിഷയം പാർട്ടിക്കു തിരിച്ചടിയായേക്കുമോയെന്ന ആശങ്ക കാരണമാണ് പത്മകുമാറിനെതിരേയുള്ള നടപടി നീക്കമെന്നു പറയുന്നു.
പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് എ. പത്മകുമാറിന് തപാലില്‍ നോട്ടീസ് അയച്ചത്. കത്തിനുള്ള മറുപടി ഇന്നലെതന്നെ പത്മകുമാർ തിരികെ അയച്ചു.
ഇത് ഇനി പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് ആദ്യം പരിശോധിക്കും. തുടർന്ന് നടപടി എടുക്കാനാണ് സാധ്യത. നോട്ടീസ് അയച്ചത് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണെന്നാണ് സൂചന. ജില്ലാ കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും ത്മകുമാറിനെ പുറത്താക്കിയിരുന്നു.
Tags : CPM A. Padmakumar action Sabarimal Gold Case Sabarimala Swarnapali