തിരുവനന്തപുരം: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാജ പരസ്യങ്ങൾ നൽകി പുതിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പ്. ഫേസ്ബുക്കിൽ മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ പരസ്യങ്ങൾ പ്രചരിപ്പിച്ച് നിങ്ങളുടെ ഫോണിൽ ഫോൺ പേ ആപ്പ് ഉണ്ടെങ്കിൽ എളുപ്പത്തിൽ 12,000 സമ്പാദിക്കാം എന്ന തരത്തിലുള്ള സന്ദേശം നൽകി കൊണ്ടാണ് ഈ തട്ടിപ്പിന് തുടക്കം.
മുഖ്യമന്ത്രിയുടെ ചിത്രം വ്യാജമായി ഉപയോഗിച്ച് വരുന്നതിനാൽ പരസ്യത്തിൽ കൂടുതൽ വിശ്വാസ്യത തോന്നി തട്ടിപ്പ് തിരിച്ചറിയാതെ ബട്ടണിൽ ക്ലിക്ക് ചെയ്യുന്നതോടെ മൊബൈൽ ഫോണിൽ ഫോൺ പേ ആപ്പ് സ്വയം തുറക്കുന്നതായും അവിടെ 1,499 രൂപ എന്ന തുക കാണിക്കുകയും ചെയ്യുന്നു. തുക ലഭിക്കാനായി പിൻ നമ്പർ നൽകുന്നതോടെ അക്കൗണ്ടിൽ നിന്നും പണം നഷ്ടമാകുന്നു.
എന്നാൽ യഥാർത്ഥത്തിൽ അത് പണം ലഭിക്കുന്ന പേജ് അല്ല, മറിച്ച് 1,499 രൂപ നൽകാനുള്ള അപേക്ഷാ പേജാണ്. ഇത് മനസിലാക്കാതെ പിൻ നമ്പർ നൽകുമ്പോൾ തുക നേരിട്ട് തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫറാകുന്നു.
സോഷ്യൽ മീഡിയയിൽ കാണുന്ന പണം സമ്പാദിക്കാനുള്ള എളുപ്പമാർഗം, പ്രമുഖരുടെ ചിത്രങ്ങൾ അടങ്ങിയ പരസ്യങ്ങൾ എന്നിവ സൈബർ തട്ടിപ്പുകളാണ്. യുപിഐ ആപ്പുകൾ ഉപയോഗിക്കുമ്പോൾ പിൻ നൽകുന്നത് പണം സ്വീകരിക്കാനല്ല, പണം അയയ്ക്കാനാണെന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കണം.
Payment Request പേജുകൾ ശ്രദ്ധാപൂർവം പരിശോധിക്കുകയും സംശയാസ്പദമായ ലിങ്കുകളിലോ ബട്ടണുകളിലോ ക്ലിക്ക് ചെയ്യാതിരിക്കുക. ഇത്തരത്തിലുള്ള സംശയാസ്പദമായ പരസ്യങ്ങൾ കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യുക
സൈബർ തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്ലൈൻ നമ്പറിലോ ദേശീയ സൈബർ ക്രൈം പോർട്ടലായ cybercrime.gov.in ലൂടെയോ പരാതി നൽകണം.
Tags : cyber fraud Chief Minister