കോഴിക്കോട്: സിപിഎം രക്തസാക്ഷി ധനരാജിന്റെ പേരിൽ പിരിച്ച ഫണ്ടിൽ തിരിമറി നടത്തിയവരെ ന്യായീകരിക്കുന്ന എം. സ്വരാജിന് രൂക്ഷമായ ഭാഷയിൽ മറുപടിയുമായി പയ്യന്നൂരിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണൻ. ധനരാജ് ഫണ്ട് കട്ട പാർട്ടിയിലെ 'ശവംതൂക്കികളെ' വെളുപ്പിക്കാൻ സ്വരാജ് യാതൊരു മടിയും കാണിച്ചില്ലെന്നും അഴിമതിക്കെതിരെ പോരാടിയ തന്നെ അപഹസിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും കുഞ്ഞികൃഷ്ണൻ കുറ്റപ്പെടുത്തി.
പയ്യന്നൂരിൽ പാർട്ടിക്കുള്ളിലെ ചിലർ ഉന്നയിച്ച അതേ ന്യായീകരണങ്ങൾ തന്നെ പുതിയ കണ്ടുപിടുത്തമെന്ന രീതിയിൽ സ്വരാജ് പുനരവതരിപ്പിക്കുകയാണ് ചെയ്തത്. ചോദ്യങ്ങൾക്ക് മറുചോദ്യങ്ങൾ കൊണ്ട് ഉത്തരം നൽകുന്ന വിതണ്ഡവാദമാണ് സ്വരാജിന്റേതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ധനരാജ് ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ സ്ഥിര നിക്ഷേപമാക്കിയതിൽ 20 ലക്ഷം എങ്ങോട്ടുപോയി എന്ന് കുഞ്ഞികൃഷ്ണൻ ചോദിച്ചു.
പലിശ തുകയടക്കം വ്യക്തിഗത അക്കൗണ്ടുകളിലേക്ക് മാറ്റിയതിന് തെളിവുകളുണ്ട്. ഒരു നയാപൈസ പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന സ്വരാജിന്റെ വാദം വസ്തുതകൾക്ക് വിരുദ്ധമാണെന്നും ഓഡിറ്റ് നടത്തിയ താൻ ഇത്തരം തിരിമറികൾ നേരിട്ട് കണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടായ മൂല്യശോഷണത്തിനെതിരെയുള്ള പോരാട്ടമാണിത്. സത്യത്തെ ആയുധമാക്കി അഴിമതിക്കെതിരെയും നീതിക്കും വേണ്ടി പോരാട്ടം തുടരുമെന്നും വി. കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെ, രക്തസാക്ഷി ഫണ്ടിൽ നിന്ന് ഒരണ പോലും വകമാറ്റിയിട്ടില്ലെന്ന് സ്വരാജ് അവകാശപ്പെട്ടിരുന്നു. പാർട്ടി അംഗങ്ങളിൽ നിന്ന് പിരിച്ച പണത്തിന്റെ കണക്കുകൾ കള്ളന്മാർക്ക് മുന്നിൽ വെളിപ്പെടുത്തേണ്ടതില്ലെന്നും സ്വരാജ് പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്ക്കാണ് ഇപ്പോൾ വി. കുഞ്ഞികൃഷ്ണൻ മറുപടി നൽകിയിരിക്കുന്നത്.
Tags : Dhanraj Fund CPM V. Kunhikrishnan M. Swaraj Latest News