മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: ആണവ ശാസ്ത്രജ്ഞനും ശാസ്ത്ര പ്രചാരകനുമായ ഡോ. എം.പി. പരമേശ്വരന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അനുശോചനം രേഖപ്പെടുത്തി. ശാസ്ത്രത്തെ സാധാരണ ജനങ്ങളുടെ നിത്യജീവിതത്തിലേക്കും ചിന്തകളിലേക്കും എത്തിക്കാൻ അദ്ദേഹത്തോളം പരിശ്രമിച്ച മറ്റൊരു വ്യക്തിത്വമില്ലെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കേവലം ശാസ്ത്രജ്ഞൻ എന്നതിലുപരി കേരളത്തിന്റെ സാമൂഹിക വികസന ചിന്തകളെ ആഴത്തിൽ സ്വാധീനിച്ച ദാർശനികനായിരുന്നു എം.പി.പരമേശ്വരനെന്നും സതീശൻ പറഞ്ഞു. അദ്ദേഹം മുന്നോട്ടുവച്ച നാലാം ലോക സിദ്ധാന്തം കേരളത്തിലെ വികസന ചർച്ചകൾക്ക് പുതിയ ദിശ നൽകിയ ആശയമായിരുന്നു.
മഹാത്മാഗാന്ധിയുടെ ഗ്രാമസ്വരാജ്, സ്വദേശി സങ്കൽപങ്ങളോട് ഏറെ അടുത്തുനിൽക്കുന്നതായിരുന്നു പരമേശ്വരന്റെ വികസന ദർശനം. അധികാര വികേന്ദ്രീകരണം, പ്രാദേശിക സ്വയംപര്യാപ്തത, പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ വികസനം എന്നിവയിൽ അധിഷ്ഠിതമായ ബദൽ സമൂഹമാണ് നാലാം ലോക സിദ്ധാന്തത്തിലൂടെ അദ്ദേഹം വിഭാവനം ചെയ്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പുസ്തകങ്ങളിലൂടെയും തലമുറകൾക്ക് പകർന്നുനൽകിയ ശാസ്ത്രബോധത്തിലൂടെയും ഡോ. എം.പി. പരമേശ്വരൻ എക്കാലവും ഓർമിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും സതീശൻ അറിയിച്ചു.