തിരുവനന്തപുരം: ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിനൊപ്പം വിദ്യാർഥികളിൽ ലഹരിവിരുദ്ധ ബോധവത്കരണം ശക്തിപ്പെടുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ‘സ്കൂളുകളിൽനിന്നും വണ്‍ മില്യണ്‍ തൂഫാൻ ഗോളുകൾ @ലോകകപ്പ് 2026’ പദ്ധതിക്ക് തുടക്കമായി.
സംസ്ഥാനത്തെ 17,000 സ്കൂളുകൾ പങ്കാളികളാകുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്തെ ഗ്ലോബൽ സ്പോർട്സ് സിറ്റിയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു.
ലഹരിവസ്തുക്കളിൽനിന്ന് കുട്ടികളെയും യുവജനങ്ങളെയും അകറ്റി കായികരംഗത്തേക്കും ആരോഗ്യകരമായ വിനോദങ്ങളിലേക്കും ആകർഷിക്കേണ്ടതുണ്ടെന്ന് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.
ജീവിതമാണ് ലഹരിയെന്ന ബോധ്യം വരുത്തുകയാണു ലക്ഷ്യം. സ്കൂൾ പരിസരങ്ങളിൽ മയക്കുമരുന്നും പുകയില ഉത്പന്നങ്ങളും വിതരണം ചെയ്യുന്നവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും. ഭാവി തലമുറയെ ലഹരിയുടെ പിടിയിൽനിന്നു രക്ഷിക്കുന്നതിനായി നിയമലംഘകർ ആരായാലും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
ആഭ്യന്തരവകുപ്പിന്റെ നേതൃത്വത്തിൽ ലഹരി മാഫിയകളെ തകർക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. ഫുട്ബോൾ എന്ന കായിക വിനോദത്തോടുള്ള കേരളത്തിലെ കുട്ടികളുടെ ആവേശം ലഹരിക്കെതിരേയുള്ള പോരാട്ടമാക്കി മാറ്റുകയാണ്.
സംസ്ഥാനത്തെ എല്ലാ സ്കൂളുകളും പദ്ധതിയിൽ പങ്കാളിയാകുന്നതിലൂടെ ലഭിക്കുന്ന ഗോളുകൾ ഡിജിറ്റൽ ഡാഷ്ബോർഡിലൂടെ കാണുന്നതിനുള്ള സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്. പുതിയ തലമുറയുടെ ജീവിതം മയക്കുമരുന്നിന് അടിമപ്പെടാതെ, കായികവിനോദങ്ങളും കലാപരിപാടികളും അവരുടെ ജീവിതത്തിന്റെ ഭാഗമാക്കുക എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്.
മയക്കുമരുന്ന് ഉപയോഗം ജീവിതത്തെ തകർക്കും. ഇത് വൈകാതെ ആത്മഹത്യയിലേക്കോ ആന്തരികാവയവങ്ങൾ തകർന്ന് മരണത്തിലേക്കോ നയിക്കും. അതിനാൽ സ്വന്തം കാലിൽ നിൽക്കാനും മാതാപിതാക്കളെയും സമൂഹത്തെയും സംരക്ഷിക്കാനും കഴിയുന്ന ഒരു ശക്തിയായി വിദ്യാർഥികൾ മാറേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഒളിന്പ്യൻ ശ്രീജേഷ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. ഡി. സജിത് ബാബു, ഡയറക്ടർ സ്നേഹിൽ കുമാർ സിംഗ്, കൈറ്റ് സിഇഒ അൻവർ സാദത്ത് തുടങ്ങിയവർ പങ്കെടുത്തു. പേരൂർക്കട ഗവണ്മെന്റ് ഗേൾസ് എച്ച്എസ്എസിലെയും കവടിയാർ സാൽവേഷൻ ആർമി എച്ച്എസ്എസിലേയും നാല്പതോളം വിദ്യാർഥികളാണ് മന്ത്രിമാർക്കൊപ്പം ഫുട്ബോൾ കളിക്കാനെത്തിയത്.
Tags : Drunkenness will be punished