കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതകകേസിലെ പ്രതികൾക്ക് വീണ്ടും കൂട്ട പരോൾ അനുവദിച്ചു. കേസിലെ ഒന്നാം പ്രതി എ. പീതാംബരൻ ഉൾപ്പെടെയുള്ള അഞ്ച് പ്രതികൾക്കാണ് 20 ദിവസത്തെ പരോൾ അനുവദിച്ചിരിക്കുന്നത്.
പരോളിൽ ഇറങ്ങിയ പ്രതികൾ കാസർഗോട്ട് എത്തി. നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ഗിജിൻ, ആറാം പ്രതി അശ്വൻ, പതിനഞ്ചാം പ്രതി വിഷ്ണു സുര (സുരേഷ്) എന്നിവരാണ് പരോൾ ലഭിച്ച മറ്റുള്ളവർ.
എൽഡിഎഫ് സർക്കാരിന്റെ ഭരണം മാറുന്നതിന് മുന്പ് ഇവർക്ക് കൂട്ട പരോൾ അനുവദിക്കുകയായിരുന്നെന്ന് ആരോപണമുയരുന്നുണ്ട്. മുന്പും ഈ കേസിലെ പ്രതികൾക്ക് ഇത്തരത്തിൽ പരോൾ അനുവദിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
2019 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം. കാസർഗോഡ് പെരിയ കല്യോട്ട് വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സിബിഐ പ്രത്യേക കോടതിയാണ് കേസിലെ പ്രതികളായ സിപിഎം പ്രവർത്തകർക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.
Tags : periya murder case