കൊച്ചി: പാതിവില തട്ടിപ്പു കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് ഇഡി. അനന്തു കൃഷ്ണന്‍, കെ.എന്‍. ആനന്ദകുമാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഇരുവരും ഉടമകളായ കമ്പനികളും പ്രതിപ്പട്ടികയിലുണ്ട്. കലൂര്‍ പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
അനന്തു കൃഷ്ണന്‍റെ 4.5 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. നേരത്തെ അനന്തു കൃഷ്ണനെ ജയിലിലെത്തി ഇഡി ചോദ്യം ചെയ്തിരുന്നു. പാതി വിലയ്ക്ക് സ്‌കൂട്ടറും ലാപ്‌ടോപ്പും മറ്റ് സാധനങ്ങളും നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതികള്‍ പണം തട്ടിയത്. സോഷ്യല്‍ മീഡിയ വഴിയും മറ്റും വന്‍ പ്രചാരണം നല്‍കിയാണ് ഇവര്‍ ഇരകളെ കണ്ടെത്തിയിരുന്നത്.
തുടക്കത്തില്‍ ചിലര്‍ക്ക് സാധനങ്ങള്‍ നല്‍കി വിശ്വാസം നേടിയ ശേഷം പിന്നീട് വലിയ തുകകള്‍ കൈപ്പറ്റി മുങ്ങുകയായിരുന്നു ഇവരുടെ രീതി. എണ്ണായിരത്തോളം പേര്‍ പരാതി നല്‍കിയ കേസില്‍ ആയിരം കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നത്. ക്രൈംബ്രാഞ്ച് എഫ്‌ഐആറുകള്‍ അടിസ്ഥാനമാക്കിയായിരുന്നു ഇഡി അന്വേഷണം ഏറ്റെടുത്തത്.
Tags : Half-price scam ED Ananthu Krishnan