കൊച്ചി: കേരള സ്റ്റോറി-2 സിനിമയുടെ പേരു മാറ്റണമെന്ന് ആവശ്യപ്പെട്ട ഹർജിക്കാരന് ഹൈക്കോടതിയുടെ വിമര്‍ശനം. ഹർജിയിലെ വാദങ്ങള്‍ ഡിവിഷന് ബെഞ്ചിന് എതിരാണെന്നും അപ്പീല്‍ പരിഗണിച്ച ബെഞ്ചിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു.
കേരള സ്റ്റോറി എന്ന പേര് കേരളത്തെ അപമാനിക്കുന്നതാണെന്നും അതുകൊണ്ട് പേര് മാറ്റണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം. സിനിമ കണ്ടതിനുശേഷമാണ് പേരു മാറ്റണമെന്ന ആവശ്യം ഉന്നയിക്കുന്നത് എന്നാണ് ഹർജിക്കാരന് കോടതിയെ അറിയിച്ചത്.
ഹർജിയിലെ 14-ാമത്തെ ഭാഗങ്ങളില്‍ ഉണ്ടായ പരാമര്‍ശങ്ങളാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. ഈ പരാമര്‍ശങ്ങള്‍ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്കിയ ഡിവിഷന് ബെഞ്ചിന് എതിരാണ് എന്നായിരുന്നു ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാണിച്ചത്.
അപ്പീല്‍ പരിഗണിച്ച ഡിവിഷന് ബെഞ്ചിനെ ഹര്ജിക്കാരന് അപകീര്‍ത്തിപ്പെടുത്തുവെന്നും കോടതി പറഞ്ഞു. ഇതിനെ തുടര്‍ന്ന് ഹർജിക്കാരന്റെ അഭിഭാഷകന് ക്ഷമ ചോദിച്ചു. കോടതിക്ക് എതിരായ പരാമര്‍ശങ്ങള്‍ മാറ്റി പുതിയ ഹർജി നല്കാന് ഡിവിഷന് ബെഞ്ച് അനുമതി നല്‍കിയിട്ടുണ്ട്.
Tags : High Court Kerala Story plea