കേരള ഹൈക്കോടതി
കൊച്ചി: അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയെ ആദ്യം രക്ഷപ്പെടാൻ അനുവദിച്ച അന്വേഷണ ഉദ്യോഗസ്ഥനെതിരേ നടപടിയില്ലാത്തതിൽ ആഭ്യന്തരവകുപ്പിനെ വിമർശിച്ചു ഹൈക്കോടതി.
ഇത്തരമൊരു ഉദ്യോഗസ്ഥനെതിരേ ഇതുവരെ നടപടിയെടുക്കാത്തത് ആഭ്യന്തരവകുപ്പിന്റെ ഗുരുതര വീഴ്ചയാണെന്നും ഓപ്പറേഷൻ തൂഫാനല്ലാത്ത ആഭ്യന്തരവകുപ്പിന്റെ മറ്റു നടപടികളെല്ലാം പക്ഷപാതപരമാണെന്നും ജസ്റ്റീസ് എ. ബദറുദ്ദീൻ വിമർശിച്ചു.
അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി സുധീർ കല്ലൻ സർവീസിൽ തുടരുന്നതു സംബന്ധിച്ച് കോടതി ആരാഞ്ഞപ്പോൾ, സസ്പെൻഷൻ സംബന്ധിച്ച നടപടിക്രമങ്ങൾ പാലിക്കേണ്ടതിനാലാണ് ഉദ്യോഗസ്ഥനെതിരായ തീരുമാനം വൈകുന്നതെന്നായിരുന്നു വിജിലൻസ് അഭിഭാഷകന്റെ വാദം. നടപടിയുടെ കാര്യത്തിൽ ഇരട്ടത്താപ്പാണു കാട്ടുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യദിന ക്വിസിൽ സവർക്കറെക്കുറിച്ചു ചോദ്യം എഴുതിയ അധ്യാപകനെയും തിരുവനന്തപുരം കോർപറേഷൻ വിഷയത്തിൽ കത്തയച്ച അണ്ടർ സെക്രട്ടറിയെയും എഡിജിപി അജിത്കുമാറിനെയും സസ്പെൻഡ് ചെയ്തത് ഇത്തരം നടപടിക്രമങ്ങൾ പാലിച്ചാണോയെന്നു കോടതി ചോദിച്ചു. ഈ കേസിൽ എന്താണ് ഇത്രയേറെ നപടിക്രമങ്ങൾ വേണ്ടിവരുന്നത്.
ഉയർന്ന ഉദ്യോഗസ്ഥർ പറഞ്ഞതുകൊണ്ടാണ് റാമിന്റെ അറസ്റ്റിൽ വീഴ്ച വരുത്തിയതെന്നറിയാമെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് അന്വേഷണത്തിലെ വീഴ്ചകളടക്കം വ്യക്തമാക്കി നിതിൻ രാജിന്റെ മാതാപിതാക്കൾ നൽകിയ ഉപഹർജി കോടതിയുടെ ഉത്തരവിനായി മാറ്റി.
Tags : SeriousLapse NitinRaj Case KeralaHighCourt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash