പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഓണം ബോണസിലും ഉത്സവബത്തയിലും വർധന വരുത്താൻ ചർച്ചകൾ സജീവം. ബോണസ് വർധന വരുത്തിയാലുണ്ടാകുന്ന അധിക സാന്പത്തിക ബാധ്യത പഠിക്കാൻ ധന അഡീഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. വരുന്ന ആഴ്ചയിലോ അടുത്ത ആഴ്ചയിലോ ചേരുന്ന മന്ത്രിസഭായോഗത്തിൽ ജീവനക്കാരുടെയും അധ്യാപകരുടെയും ഓണം ബോണസ് പ്രഖ്യാപിക്കേണ്ടതുണ്ട്. ഇതിനാലാണ് തിരക്കിട്ട നീക്കങ്ങൾ സജീവമായത്.
കഴിഞ്ഞ വർഷം സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4500 രൂപയായിരുന്നു ബോണസ്. 39,872 രൂപ വരെ പുതിയ സ്കെയിൽ അനുസരിച്ച് ശന്പളമുള്ളവർക്കായിരുന്നു ബോണസിന് അർഹത. ഇതിനു മുകളിലുള്ളവർക്ക് 3,000 രൂപയായിരുന്നു ഉത്സവബത്തയായി നൽകിയത്. സംസ്ഥാനത്തിന്റെ സാന്പത്തിക സ്ഥിതികൂടി പരിഗണിച്ചാകും വർധനയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. 20,000 രൂപയായിരുന്നു ഓണം അഡ്വാൻസ് ഇനത്തിൽ വിതരണം ചെയ്തത്. ഇതിലും വർധന ആലോചിക്കുന്നുണ്ട്. അഞ്ചു തവണയായിട്ടാകും അഡ്വാൻസ് തുക തിരിച്ചു പിടിക്കുക.
കനത്ത മഴയെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രളയക്കെടുതികളും സംസ്ഥാനത്തിന് കനത്ത നഷ്ടമുണ്ടാക്കിയിരുന്നു. സർവീസ് പെൻഷൻകാർക്ക് 1250 രൂപയായിരുന്നു പ്രത്യേക ഉത്സവബത്തയായി കഴിഞ്ഞ തവണ നൽകിയിരുന്നത്.
ബോണസിലും ഉത്സവ ബത്തയിലും 500, 250 രൂപയുടെ വീതം വർധന വരുത്തുന്പോഴുള്ള അധിക ചെലവാണ് സർക്കാർ ഇപ്പോൾ കണക്കാക്കുന്നത്. ധന അഡീഷണൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന് ആനുപാതികമായിട്ടാകും വർധനയുടെ കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനമെടുക്കുക. ജീവനക്കാർക്ക് രണ്ട് ശതമാനം ക്ഷാമബത്ത കുടിശികയും ഈ മാസം നൽകേണ്ടതുണ്ട്.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines