തിരുവനന്തപുരം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ 2025ലെ സംസ്ഥാന കർഷക അവാർഡുകൾ പ്രഖ്യാപിച്ചു.
കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് പുതുതായി ഏർപ്പെടുത്തിയ ഉമ്മൻ ചാണ്ടി സ്മാരക അവാർഡിന് വയനാട് സ്വദേശി പദ്മശ്രീ ചെറുവയൽ രാമൻ അർഹനായി. അഞ്ചു ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്കാരം.
മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സി. അച്യുതമേനോൻ സ്മാരക അവാർഡ് കോഴിക്കോട് ജില്ലയിലെ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തും കണ്ണൂരിലെ ഉളിക്കൽ ഗ്രാമപഞ്ചായത്തും പങ്കിട്ടു.
മുൻ കൃഷി മന്ത്രി വി.വി. രാഘവന്റെ പേരിലുള്ള മികച്ച കൃഷിഭവനുള്ള പുരസ്കാരം പത്തനംതിട്ടയിലെ കുറ്റൂർ കൃഷിഭവനും സ്വന്തമാക്കി. മികച്ച നെൽ ഉത്പാദക സമിതിക്കുള്ള കെ. വിശ്വനാഥൻ സ്മാരക നെൽക്കതിർ അവാർഡിന് പാലക്കാട് ജില്ലയിലെ നെന്മേനി പാടശേഖര സമിതി അർഹമായി.
സെക്രട്ടേറിയറ്റിലെ പിആർ ചേംബറിൽ നടത്തിയ പത്രസമ്മേളനത്തിൽ കൃഷിമന്ത്രി ടി. സിദ്ദിഖാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
കൊടുങ്ങല്ലൂർ സ്വദേശി വി.വൈ. ഷാജഹാനാണ് മികച്ച ജൈവ കർഷകൻ. യുവ കർഷകനുള്ള പുരസ്കാരം വയനാട് പൊഴുതന സ്വദേശി കെ. ഹാഷിഖ് സ്വന്തമാക്കിയപ്പോൾ വനിതകൾക്കുള്ള കർഷകതിലകം കാസർഗോഡ് പുല്ലൂർ സ്വദേശി കെ. സാവിത്രിക്ക് ലഭിച്ചു.
മികച്ച ഹൈടെക് കർഷകനായി കൊല്ലം ചിതറ സ്വദേശി പി. പുഷ്പഹാസും ഹരിത മിത്ര അവാർഡിന് തളിപ്പറന്പിലെ കെ. രജീഷും തെരഞ്ഞെടുക്കപ്പെട്ടു. കർഷകജ്യോതി പുരസ്കാരം കോട്ടയം കടപ്ലാമറ്റത്തെ വി. കിഷോറിനാണ്. മികച്ച തേനീച്ച കർഷകനായി മലപ്പുറം വണ്ടൂർ സ്വദേശി കെ.പി. അനീഷ് അവാർഡ് നേടി. ശ്രമശക്തി പുരസ്കാരം തിരുവനന്തപുരം സ്വദേശി വി. സുനിലാൽ, വയനാട് സ്വദേശി കെ.എസ്. ശ്രീനോജ് എന്നിവർ പങ്കിട്ടു.
ഭിന്നശേഷി വിഭാഗത്തിൽപെട്ട മികച്ച കർഷകനായി മലപ്പുറം കോഡൂർ സ്വദേശി തോരപ്പ മുസ്തഫയെയും മികച്ച കൂണ് കർഷകനായി കാസർഗോഡ് ബളാലിലെ സച്ചിൻ ജി. പൈയെയും തെരഞ്ഞെടുത്തു.
ഈ വർഷം പുതുതായി ഏർപ്പെടുത്തിയ അർബൻ റൂഫ് ടോപ് ഫാർമർ അവാർഡിന് ചങ്ങനാശേരി സ്വദേശി അനിത എം. കാസിം അർഹയായി. ഉദ്യാന ശ്രേഷ്ഠ പുരസ്കാരം കോട്ടയത്തെ ഡോളി വർഗീസിനാണ്.
Tags : OommenChandy CheruvayalRaman StateAgricultureAwards MemorialAward Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash