റഷ്യൻ ഡെപ്യൂട്ടി പ്രധാനമന്ത്രി മറാത്ത് ഖുസ്നുല്ലിൻ.
മോസ്കോ: റഷ്യയിൽനിന്ന് പാക്കിസ്ഥാൻ വഴി ഇന്ത്യയിലേക്ക് റെയിൽ പാത നിർമിക്കുന്നതിനെക്കുറിച്ചുള്ള സാധ്യത മുന്നോട്ടുവച്ച് റഷ്യൻ ഡെപ്യൂട്ടി പ്രധാനമന്ത്രി മറാത്ത് ഖുസ്നുല്ലിൻ.
ഇന്ത്യൻ മഹാസമുദ്രത്തിലേക്കും ഇന്ത്യയിലേക്കും ഒരു റെയിൽപാത നിർമിക്കുന്നതിനെക്കുറിച്ച് നമ്മൾ പരിശോധിക്കേണ്ടതുണ്ടെന്നും ഇന്ത്യയിലേക്കു പ്രവേശനമൊരുക്കുന്ന എല്ലാ സാധ്യതകളും സ്വാഗതാർഹമാണെന്നും വാർത്താ ഏജൻസിയായ ‘ടാസി’ന് നൽകിയ അഭിമുഖത്തിൽ ഖുസ്നുല്ലിൻ വ്യക്തമാക്കി.
തുർക്ക്മെനിസ്ഥാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ വഴി ഇന്ത്യയിലേക്ക് നീളുന്ന തരത്തിലാണ് റെയിൽ പാതയുടെ പ്രാഥമിക രൂപരേഖ.
ബോസ്ഫറസ്, ഹോർമുസ് കടലിടുക്കുകൾ വഴിയുള്ള നിലവിലെ സമുദ്രപാതകളിലെ സുരക്ഷാഭീഷണികളും തടസങ്ങളും കണക്കിലെടുത്താണ് റഷ്യ ബദൽമാർഗങ്ങൾ തിരയുന്നത്. നിലവിലെ സമുദ്രപാതകളിലെ പ്രതിസന്ധികൾ മറികടന്ന് ഇന്ത്യയുമായുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ കരമാർഗ പദ്ധതി റഷ്യ മുന്നോട്ടുവയ്ക്കുന്നത്.
അതിർത്തിതർക്കങ്ങളും രാഷ്ട്രീയ അസ്ഥിരതയും നിലനിൽക്കുന്ന ഭൂപ്രദേശങ്ങളിലൂടെയാണ് നിർദിഷ്ട പാത കടന്നുപോകുന്നത് എന്നതു പദ്ധതിയുടെ പ്രധാന വെല്ലുവിളിയാണ്.
പദ്ധതിയുടെ ചെലവ്, നിർമാണ സമയപരിധി എന്നിവയെക്കുറിച്ച് റഷ്യ നിലവിൽ വ്യക്തത വരുത്തിയിട്ടില്ല. എങ്കിലും, കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായുള്ള സാമ്പത്തിക പങ്കാളിത്തം വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന റഷ്യയ്ക്ക് ഈ പദ്ധതി സുപ്രധാന നാഴികക്കല്ലാകും.
ഇന്ത്യയും റഷ്യയും തമ്മിലുള്ള വടക്ക്-തെക്ക് വ്യാപാര ഇടനാഴികളുടെ വികസനത്തിന് ഈ നീക്കം കൂടുതൽ വേഗം പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Tags : Proposes Moscow-New Delhi TrainService Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash