റോഡില്ലാത്തതിനാല്‍ ഇടമലക്കുടിയില്‍നിന്ന് ദുര്‍ഘടപാതയിലൂടെ രോഗിയെ ചുമന്നുകൊണ്ടുപോകുന്ന പ്രദേശവാസികള്‍.
മൂന്നാര്‍: നിലവാരമുള്ള റോഡില്ലാതെ കാലങ്ങളായി യാത്രാ ദുരിതമനുഭവിക്കുന്ന സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്താണ് ഇടമലക്കുടി. ഇവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് മന്ത്രി പറഞ്ഞാലും നടപടിയില്ലാത്ത അവസ്ഥയാണ്.
ഇടമലക്കുടി പഞ്ചായത്തിലേക്കുള്ള ഏക വഴിയായ പെട്ടിമുടി-ഇഡ്ഡലിപ്പാറ റോഡിന്റെ 1300 മീറ്റര്‍ ഭാഗം 45 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി കെ.എ. തുളസി നിര്‍ദേശിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. എന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കരാറുകാരോട് നിര്‍മാണം നടത്താന്‍ ആവശ്യപ്പെടുകപോലും ചെയ്തിട്ടില്ലെന്ന നടുക്കുന്ന വിവരമാണ് പുറത്തുവരുന്നത്.
കഴിഞ്ഞ 16ന് ജില്ലാ കളക്ടറുടെ സാന്നിധ്യത്തിലാണ് മന്ത്രി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയത്. 2023ല്‍ ആരംഭിച്ച നിര്‍മാണം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ കാണിക്കുന്ന അലംഭാവമാണ് നിര്‍മാണം ഇഴയുന്നതിന് കാരണമെന്ന ആക്ഷേപം ശക്തമാണ്.
മേയ് 31നു മൂന്നുവര്‍ഷത്തെ നിര്‍മാണ കാലാവധി കഴിഞ്ഞ റോഡിന്റെ കരാറുകാരന് ടെര്‍മിനേഷന്‍ നേടി ഇവിടെനിന്നു തലയൂരാനും ശ്രമം നടത്തിയിരുന്നു. മഴയുള്ള ഇപ്പോഴത്തെ സാഹചര്യത്തില്‍ നിര്‍മാണം നടത്തണമെന്നു രേഖാമൂലം കരാറുകാരനോട് പറയാന്‍ പൊതുമരാമത്തു വകുപ്പിലെ ആരും ഇതുവരെ തയാറാകാത്ത സാഹചര്യത്തില്‍ നിര്‍മാണജോലി അനിശ്ചിതത്വത്തിലാകാനാണ് സാധ്യത.
ഈ കരാറുകാരനെ ടെര്മിനിനേറ്റു ചെയ്തു വിടണമെന്ന റിപ്പോര്‍ട്ട് താഴേതട്ടില്‍നിന്ന് ആലുവ സബ് എന്‍ജിനിയറുടെ കാര്യലയത്തില്‍ ചുവപ്പുനാടയില്‍ കുരുങ്ങികിടക്കുകയാണ്. കാര്യാലയമോ അതിനു മുകളില്‍ ചീഫ് എന്‍ജിനിയറോ കരാറുകാരനോട് ബന്ധപ്പെട്ടിട്ടില്ല. സാധാരണ നിലയില്‍ സെപ്റ്റംബര്‍ 15 നു ശേഷം കരാറുകാരനു നോട്ടീസ് നല്കിയ ശേഷവും നിര്‍മാണം നടത്തുന്നില്ലെങ്കില്‍ മാത്രം ടെര്‍മിനേറ്റു ചെയ്താല്‍ മതിയെന്ന തീരുമാനത്തിലാണ് ബന്ധപ്പെട്ടവര്‍.
ഇടമലക്കുടി സംഭവം: മന്ത്രി റിപ്പോര്ട്ട്ആവശ്യപ്പെട്ടു
ഇടമലക്കുടിയില്‍ രോഗിയായ വയോധികനെ ചുമന്നുകൊണ്ടുപോകാനുണ്ടായ സാഹചര്യം സംബന്ധിച്ച് ജില്ലാ ട്രൈബല്‍ ഓഫീസറോട് മന്ത്രി കെ.എ. തുളസി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. റോഡുകളുടെ ശോചനീയാവസ്ഥ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. യാത്രാദുരിതത്തിന് ഉടനടി പരിഹാരം ഉണ്ടാകണമെന്ന് ഇടമലക്കുടി നിവാസികള്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് സര്‍വ മേഖലയിലും വികസനം എത്തി എന്ന് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ അവകാശപ്പെടുമ്പോഴും ആദിവാസി ഉന്നതികളിലെ അടക്കം ആളുകള്‍ നേരിടുന്നത് വലിയ ദുരിതമാണ്. ആയുസിന്റെ ബലംകൊണ്ടുമാത്രമാണ് മാലയപ്പന്‍ ജീവന് തിരികെ ലഭിച്ചത്.
കഠിനമായ പനിയും ശരീര വേദനയും മൂലം അവശനായ ഇദ്ദേഹത്തെ കമ്പുകളില്‍ തുണികെട്ടി കിലോമീറ്ററുകള്‍ വനത്തിനുള്ളിലൂടെ ചുമന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.
Tags : Edamalakudi Redtape Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash