പുതുഹൃദയവുമായി 13 വര്‍ഷം പൂര്‍ത്തിയാക്കിയ ശ്രുതി (നടുവിൽ) ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനൊപ്പം.
കൊച്ചി: മാറ്റിവച്ച ഹൃദയവുമായി 13 വർഷം പൂർത്തിയാക്കിയതിന്റെ അതുല്യചരിത്രം കുറിച്ച് പിറവം ആരക്കുന്നം സ്വദേശിനി ശ്രുതി. സ്വയംതൊഴിലിലൂടെ സാധാരണ ജീവിതം നയിക്കുന്ന ശ്രുതി പൂർണ ആരോഗ്യവതിയാണ്.
ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാര്‍ഡിയോ മയോപ്പതി, രക്തധമനികള്‍ ചുരുങ്ങുന്ന ടക്കയാസു രോഗങ്ങളുണ്ടായിരുന്ന ശ്രുതി, 2013 ഓഗസ്റ്റിലാണ് എറണാകുളം ലിസി ആശുപത്രിയില്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയയായത്. അപകടത്തെത്തുടര്‍ന്ന് മസ്തിഷ്കമരണം സംഭവിച്ച കോട്ടയം സ്വദേശി ലാലിച്ചന്റെ (ജോസഫ് മാത്യു) ഹൃദയമാണ് ഇപ്പോള്‍ ശ്രുതിയില്‍ മിടിക്കുന്നത്.
ടക്കയാസു ബാധിതയായ വ്യക്തിയില്‍ ഏഷ്യയില്‍ ആദ്യമായി നടന്ന വിജയകരമായ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയായിരുന്നു ശ്രുതിയുടേത്.
ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം വിവിധ ജോലികള്‍ ചെയ്ത ശ്രുതി ഇപ്പോള്‍ സ്വന്തമായി ജ്വല്ലറി മേക്കിംഗ് നടത്തുകയാണ്. ഓണ്‍ലൈനായി വാങ്ങുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ആകര്‍ഷകമായ ആഭരണങ്ങള്‍ വീട്ടിലിരുന്ന് ശ്രുതി നിര്‍മിക്കും. അത് വിപുലപ്പെടുത്തി സ്വന്തമായി ഒരു സ്ഥാപനം ആരംഭിക്കുകയാണ് ശ്രുതിയുടെ സ്വപ്നം.
ലോക അവയവദാന ദിനമായ ഓഗസ്റ്റ് 13ന് പുതുഹൃദയവുമായി 13 വര്‍ഷം പൂര്‍ത്തിയാക്കിയ ശ്രുതി, ലിസി ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഫാ. ഡോ. പോള്‍ കരേടൻ അധ്യക്ഷത വഹിച്ചു.
ഡോ. ജോസ് ചാക്കോ പെരിയപ്പുറം, എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ഫാ. റോജന്‍ നങ്ങേലിമാലില്‍, ഫാ. റെജു കണ്ണമ്പുഴ, ജോയിന്റ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് അമ്പലത്തിങ്കല്‍, ഡോ. റോണി മാത്യു, ഡോ. ജേക്കബ് ഏബ്രഹാം, ഡോ. ഭാസ്കര്‍ രംഗനാഥന്, ഡോ. ജോ ജോസഫ്, ഡോ. ജീവേഷ് തോമസ്, ഡോ.ജോബ് വില്‍സണ്‍, ഡോ. ഗ്രേസ് മരിയ, ഡോ. പി. മുരുകന് എന്നിവരും ശ്രുതിയുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.
Tags : Shruti ChangedHeart Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash