തിരുവനന്തപുരം: കോണ്ഗ്രസ് നിയമസഭാകക്ഷി യോഗം നടക്കുന്ന ഇന്ദിരാഭവനിലെ പ്രധാന ഗേറ്റ് രാവിലെ പത്തോടെ അടച്ചു. പിന്നീട് സേവാദൾ പ്രവർത്തകർ ഇന്ദിരാ ഭവനിലേക്ക് കടത്തിവിടുന്നത് നിയുക്ത എംഎൽഎമാരെ മാത്രം.
പ്രവർത്തകർ പുറത്ത്. രാവിലെ 10 മുതൽ വരിവരിയായി നിയുക്ത എംഎൽഎമാരുടെ കടന്നുവരവ്. 63 പേരിൽ നിരവധി പുതുമുഖങ്ങൾ. ഇവരിൽ പലരും എത്തിയപ്പോൾ മുതിർന്ന നേതാക്കൾതന്നെ സ്നേഹ ചുംബനങ്ങൾ നല്കിയാണ് സ്വീകരിച്ചത്. ആദ്യമെത്തിയ പലരും ഇന്ദിരാ ഭവന്റെ മുറ്റത്ത് ഏറെനേരം ചെലവഴിച്ചു.
മാധ്യമപ്രവർത്തകരുമായി കുശലം പറഞ്ഞും പ്രധാന നേതാക്കളുമായി ആശയവിനിമയം നടത്തിയും ഇവർ നിന്നു. ഇതിനിടെ ചിലർ മാധ്യമങ്ങൾക്കു ബൈറ്റ് നല്കാനും സമയം കണ്ടെത്തി. ബാലുശേരിയിൽനിന്നു വിജയിച്ച വി.ടി. സൂരജിനെയും നാദാപുരത്തുനിന്നു നിയമസഭാംഗമായി വരുന്ന കെ.എം. അഭിജിത്തിനെയുമെല്ലാം ഇവിടെ ഉണ്ടായിരുന്ന പ്രവർത്തകർ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്.
എപ്പോഴും തുറന്നുകിടക്കുന്ന ഇന്ദിരാ ഭവനിലെ പ്രധാന ഗേറ്റ് ഇന്നലെ നിർണായക നിയമസഭാ കക്ഷി യോഗം നടക്കുന്ന പശ്ചാത്തലത്തിലാണ് അടച്ചിട്ടത്. ഇതോടെ പ്രവർത്തകരിലേറെയും ഇന്ദിരാ ഭവനു മുന്നിലെ റോഡിൽ ഇടംപിടിച്ചു. ഇതോടെ ഇവിടെ ഗുരുതര ട്രാഫിക്ക് കുരുക്കും.
ഇന്ദിരാ ഭവനുള്ളിൽ നിയുക്ത എംഎൽഎമാരും മാധ്യമപ്രവർത്തകരും മുതിർന്ന നേതാക്കളും മാത്രമാണ് ഉണ്ടായിരുന്നത്. പ്രധാന ഗേറ്റ് കടന്നുവരുന്ന നിയുക്ത എംഎൽഎമാരെ പാലോട് രവി, ചെറിയാൻ ഫിലപ്പ് ഉൾപ്പെടെയുള്ളവർ ചേർന്നാണു സ്വീകരിച്ചത്.
തുടർന്ന് ഹാളിലേക്ക് പ്രവേശിക്കുന്പോൾ മഹിളാ കോണ്ഗ്രസ് അധ്യക്ഷ ജെബി മേത്തറിന്റെ നേതൃത്വത്തിൽ പൊന്നാട അണിയിച്ചു മധുരം സമ്മാനിച്ചു. നിയുക്ത എംഎൽഎമാർക്കൊപ്പം ഫോട്ടോയും എടുത്ത ശേഷമാണ് മഹിളാ കോണ്ഗ്രസ് പ്രവർത്തകർ ഇവരെ കെപിസിസിയുടെ പ്രധാന ഹാളിലേക്ക് യാത്രായാക്കിയത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവരും നവാഗതരായ വി.ടി സൂരജും എ.ഡി. തോമസുമെല്ലാം സ്വീകരണം ഏറ്റുവാങ്ങി.
കെപിസിസി ഓഫീസിന്റെ പുറത്തും സന്ദർശക ഹാളിലും ആവേശവും ആഹ്ലാദവും അലതല്ലി. പ്രധാന ഹാളിൽ വിജയിച്ചെത്തിയ ഓരോരുത്തരോടും മുഖ്യമന്ത്രി ആരു വേണെമെന്നതു സംബന്ധിച്ച് ഹൈക്കമാൻഡ് നിരിക്ഷകരുടെ കൂടിക്കാഴ്ചയായിരുന്നു. നിമസഭാ കക്ഷിയോഗം പൊതുവായി ചേർന്ന ശേഷമായിരുന്നു നിയുക്ത എംഎൽഎമാരെ ഓരോരുത്തരെയും വെവ്വേറെ കണ്ട് അഭിപ്രായം ആരാഞ്ഞത്.
മുഖ്യമന്ത്രിസ്ഥാനത്തേക്ക് ശക്തമായ അവകാശവാദവുമായി രംഗത്തുള്ള രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, കേന്ദ്ര നിരീക്ഷകരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കാതെയാണു പുറത്തേക്കു പോയത്.
വൈകുന്നേരത്തോടെ നിരീക്ഷകർ ഘടകകക്ഷികളുമായുള്ള കൂടിക്കാഴ്ചയ്ക്കായി സ്വകാര്യ ഹോട്ടലിലേക്കു പോകുന്നതുവരെ എഐസിസി ആസ്ഥാനത്ത് വൻ തിരക്കായിരുന്നു.
Tags : Indira Bhavan discussion kisses V.D. Satheesan Mahila Congress