തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന കാര്യത്തിൽ സംശയമില്ലെന്നും എന്നാൽ മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ ഇപ്പോൾ നടത്തുന്ന പരസ്യ ചർച്ചകൾ അനാവശ്യമാണെന്നും കെ. മുരളീധരൻ. വി.ഡി. സതീശൻ - കെ.സി. വേണുഗോപാൽ പക്ഷങ്ങൾ തമ്മിലുള്ള സോഷ്യൽ മീഡിയ പോര് മുറുകുന്ന പശ്ചാത്തലത്തിലാണ് മുരളീധരന്റെ പ്രതികരണം.
"സംഘനൃത്തമാണ് ആവശ്യമെന്ന് രാഹുൽ ഗാന്ധി പറഞ്ഞത് ഈ സമയത്ത് ഓർമിപ്പിക്കുകയാണ്. ഇപ്പോൾ ഒച്ച വച്ചിട്ട് ഒരു കാര്യവുമില്ല," മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രി ചർച്ചകൾ പാടില്ലെന്നു രാഹുൽ ഗാന്ധി നേരത്തെ തന്നെ നിർദേശിച്ചിരുന്ന കാര്യവും അദ്ദേഹം ഓർമിപ്പിച്ചു.
ഏതെങ്കിലും നേതാക്കളെ അനുകൂലിച്ച് ഇപ്പോൾ പോസ്റ്റിടുന്നതു ശരിയല്ല. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സാമൂഹ്യമാധ്യമങ്ങളിലൂടെയല്ല. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം നിയമസഭാ കക്ഷിയോഗം ചേർന്നാണ് നേതാവിനെ തീരുമാനിക്കുക. ഹൈക്കമാൻഡിന് ഇതിൽ വ്യക്തമായ നടപടിക്രമങ്ങളുണ്ട്.
കെ.സി. വേണുഗോപാലിന് പരസ്യ പിന്തുണയുമായി കെ. സുധാകരൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയതോടെയാണ് തർക്കം രൂക്ഷമായത്. ഇതിനെതിരെ വി.ഡി. സതീശൻ പക്ഷവും നീക്കങ്ങൾ സജീവമാക്കിയിട്ടുണ്ട്. ഘടകകക്ഷികളെ ഒപ്പം നിർത്താൻ ഇരുപക്ഷവും ശ്രമിക്കുന്നുണ്ട്. എ.പി. അനിൽ കുമാർ പാണക്കാട് സന്ദർശിച്ചത് ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രി പദവിക്കായുള്ള കിടമത്സരത്തിൽ എഐസിസി വൃത്തങ്ങളും അതൃപ്തി പ്രകടിപ്പിച്ചു. പാർട്ടിക്ക് വ്യക്തമായ വഴികളുണ്ടെന്നും അനാവശ്യമായ മുറവിളികൾ ഗുണം ചെയ്യില്ലെന്നുമാണ് നേതൃത്വത്തിന്റെ നിലപാട്.
തെരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ ബാക്കിനിൽക്കെ, ഗ്രൂപ്പ് പോര് തെരുവിലേക്ക് വരുന്നത് യുഡിഎഫ് വിജയിച്ചാൽത്തന്നെ ആ തിളക്കത്തിനു മങ്ങലേൽപ്പിക്കുമോ എന്ന ആശങ്ക ഒരുവിഭാഗം നേതാക്കൾക്കുണ്ട്.