കൊച്ചി: കളമശേരിയില്‍ യുവതിയെ ക്രൂരമായി ആക്രമിച്ച് സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശിയെയാണ് കളമശേരി പോലീസ് ഇന്‍സ്പെക്ടര്‍ ഇ.ആര്. ബൈജു, എസ്ഐ സെബാസ്റ്റ്യന്‍ പി. ചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 15 ന് രാത്രിയാണ് ജോലികഴിഞ്ഞ് വരുന്നതിനിടയില്‍ എച്ച്എംടി ജംഗ്ഷന് സമീപത്ത് വച്ച് യുവതി ആക്രമിക്കപ്പെട്ടത്. മുഖത്ത് മുണ്ടിട്ട് മൂടി ആക്രമിക്കുകയായിരുന്നു.യുവതിയുടെ കൈയിലുണ്ടായിരുന്ന സ്വര്‍ണവും മൊബൈല്‍ ഫോണും പ്രതി മോഷ്ടിച്ച് കടന്നു കളഞ്ഞു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ രാത്രി പ്രതി പിടിയിലായത്.
പ്രതിയെ കണ്ടെത്തുന്നതിനായി 200ലധികം സിസിടിവി ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. കേസില്‍ കൂടുതല്‍ പ്രതികളില്ല. പ്രതി കുറ്റകൃത്യം നടത്തിയ സമയത്ത് ഉപയോഗിച്ച വണ്ടി കണ്ടെത്തിയിട്ടുണ്ട്. അതേസമയം മോഷ്ടിച്ച ആഭരണങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവ കണ്ടെത്തുന്നതിനായി പോലീസ് വിശദമായ അന്വേഷണം നടത്തിവരുകയാണ്.
പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇന്ന് തിരിച്ചറിയല്‍ പരേഡിനു ശേഷമാകും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുകയെന്ന് പോലീസ് പറഞ്ഞു.
Tags : Kalamassery robbery accused court