കൊച്ചി: മികച്ച വിജയത്തോടെ ഐഎസ്എൽ സീസണിലെ യാത്ര അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ അവസാന മത്സരത്തിൽ കരുത്തരായ എഫ്സി ഗോവയെ 2–1 എന്ന സ്കോറിന് കീഴടക്കിയാണ് ബ്ലാസ്റ്റേഴ്സ് സീസൺ അവസാനിപ്പിച്ചത്.
മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനായി കെവിൻ യോക്ക്, ഫാല്ലു എൻഡിയ എന്നിവർ ഗോളുകൾ നേടിയപ്പോൾ, ഗോവയ്ക്കായി മലയാളി യുവതാരം മുഹമ്മദ് നെമിൽ ഒരു ഗോൾ മടക്കി.
സീസണിൽ 13 കളികളിൽ നിന്ന് അഞ്ച് ജയമുൾപ്പെടെ 17 പോയിന്റോടെ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഫിനിഷ് ചെയ്തത്.
ഡേവിഡ് കറ്റാലയ്ക്ക് കീഴിൽ ആദ്യത്തെ ആറ് കളികളിൽ ഒറ്റ ജയം പോലും നേടാനാകാതെ ഒരു ഘട്ടത്തിൽ തരംതാഴ്ത്തൽ ഭീഷണിയിലായിരുന്നു മഞ്ഞപ്പട. എന്നാൽ പിന്നീട് പരിശീലകനായി ചുമതലയേറ്റ ആഷ്ലി വെസ്റ്റ്വുഡിന്റെ മികവിലാണ് ടീം ഉജ്ജ്വലമായ തിരിച്ചുവരവ് നടത്തിയത്.
വെസ്റ്റ്വുഡിന് കീഴിൽ കളിച്ച മത്സരങ്ങളിൽ അഞ്ച് ജയവും ഒരു സമനിലയും ഒരു തോൽവിയുമാണ് ടീം സ്വന്തമാക്കിയത്. അവസാന രണ്ട് കളികളും ജയിച്ചുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷം നൽകി ഈ സീസണോട് വിടപറഞ്ഞത്.
Tags : Kerala Blasters FC Goa Latest News