കൊച്ചി: ഈ വര്‍ഷത്തെ ആഗോള സുസ്ഥിര ട്രാന്‍സ്പോര്‍ട്ട് അവാര്‍ഡ് നഷ്ടപ്പെട്ടെങ്കിലും ഈ രംഗത്തു ലോകത്തെ മൂന്ന് പ്രശസ്ത ബ്രാന്‍ഡുകളിലൊന്നായി കൊച്ചി വാട്ടര്‍ മെട്രോ. ലോകത്തിലെ പ്രമുഖ രാജ്യങ്ങളോടു മത്സരിച്ചാണ് ആദ്യത്തെ മൂന്നു സ്ഥാനങ്ങളില്‍ വാട്ടര്‍ മെട്രോ എത്തിയത്.
ഒന്നാംസ്ഥാനം ബ്രസീലിലെ സാല്‍വദോര്‍ നഗരത്തിനാണ്. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് നിര വികസിപ്പിച്ചതിന് ചിലിയിലെ സാന്റിയാഗോയ്ക്കും പ്രത്യേക പരാമര്‍ശം ലഭിച്ചു. ലോകത്തിലെ മുന്‍നിര സുസ്ഥിര ഗതാഗതസ്ഥാപനമായ ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രാന്സ്പോര്ട്ടേഷന് ആന്‍ഡ് ഡവലപ്മെന്റ് പോളിസി (ഐടിഡിപി) നിയോഗിച്ച ജൂറി കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് പ്രത്യേക പരാമര്‍ശം നല്കി ആദരിച്ചു.
മലിനീകരണം കുറയ്ക്കാനും ഗതാഗതസൗകര്യം വര്‍ധിപ്പിക്കാനും നടത്തിയ നിക്ഷേപങ്ങള്‍ എങ്ങനെ നഗരജീവിതം മാറ്റിമറിച്ചുവെന്ന് ഈ മൂന്ന് നഗരങ്ങളും തെളിയിക്കുന്നതായി ഐടിഡിപി വിലയിരുത്തി. വ്യാപ്തിയിലും വേഗതയിലുമാണ് സാല്‍വദോര്‍ മുന്നിലെത്തിയതെങ്കിലും നവീനതയിലൂടെയാണ് കൊച്ചി വേറിട്ടുനിന്നത്. റോഡുകളും റെയിലും മാത്രമല്ല, ജലപാതകളെ ദൈനംദിന പൊതുഗതാഗതമാക്കുന്ന അപൂര്‍വമായ ആഗോളമാതൃകയാണു കൊച്ചി വാട്ടര്‍ മെട്രോ അവതരിപ്പിച്ചത്.
നഗരത്തിലെ പത്തു ദ്വീപുകളിലുടനീളം യാത്രയെ മാറ്റിമറിച്ച പദ്ധതിയെന്ന നിലയിലാണ് ഐടിഡിപി കൊച്ചി വാട്ടര്‍ മെട്രോയെ പരിഗണിച്ചത്. ഇതേവരെ 60 ലക്ഷത്തോളം പേര് യാത്ര ചെയ്തിട്ടുണ്ട്. 20 ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകള്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം റോഡിലൂടെ ഒരു മണിക്കൂര്‍ എടുത്തിരുന്ന യാത്ര ജലപാതയിലൂടെയാക്കിയതോടെ 20 മിനിറ്റായി ചുരുക്കിയതോടൊപ്പം ചെലവ് ഏകദേശം പകുതിയായി കുറയ്ക്കുകയും ചെയ്തെന്നു ജൂറി വിലയിരുത്തി.
കാര്‍ബണ്‍ പുറന്തള്ളൽ ഒഴിവാക്കുന്നതിലും ഓരോ യാത്രക്കാരനും കിലോമീറ്ററിന് ശരാശരി 184 ഗ്രാം കാര്‍ബണ്‍ ഡൈ ഓക്സൈഡ് ലാഭമുണ്ടാക്കുന്ന സംവിധാനമെന്ന നിലയിലും കുറഞ്ഞ മലിനീകരണമുള്ള ഏകീകൃത ജലഗതാഗതത്തിനുള്ള ആഗോള പഠനമാതൃകയായി മാറിയിട്ടുമുണ്ട്.
ബെസ്റ്റ് പാസഞ്ചര്‍ ഇലക്ട്രിക് ബോട്ട്ഗസീസ് അവാര്‍ഡ്, യുഎന്‍–ഹാബിറ്റാറ്റ് അവാര്‍ഡ്, ഹാംബര്‍ഗ് യുഐടിപി സമ്മിറ്റ് അവാര്‍ഡ്, എനര്‍ജി ലീഡര്‍ഷിപ്പ് അവാര്‍ഡ്, ഗ്ലോബല്‍ മാരിടൈം അവാര്‍ഡ്, ഷിപ്പ് ടെക് ഇന്റര്‍നാഷണല്‍ അവാര്‍ഡ്, അര്‍ബന്‍ ഇന്‍ഫ്ര അവാര്‍ഡ് തുടങ്ങിയ നിരവധി നാഷണല്‍, ഇന്‍ര്‍നാഷണല്‍ അവാര്‍ഡുകള്‍ വാട്ടര്‍ മെട്രോയ്ക്കു ലഭിച്ചിട്ടുണ്ട്.
Tags : Kochi Water Metro global approval