ചാത്തന്നൂർ: കെഎസ്ആർടിസിയിൽ സർവീസിലിരിക്കേ മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതർക്ക് നിയമനം നൽകുന്നു. താത്കാലിക ജീവനക്കാരായി 715 രൂപ ദിവസവേതനത്തിലാണ് നിയമനം. ഈ താത്കാലിക നിയമനം സ്ഥിരം തസ്തിക ഉണ്ടാകുന്നതുവരെയാണ്.
സ്ഥിരം നിയമനം നടത്തുന്നതിനോ റിപ്പോർട്ട് ചെയ്യുന്നതിനോ മാനേജ്മെന്റോ സർക്കാരോ തീരുമാനം എടുക്കുന്നത് വരെയായിരിക്കും. താത്കാലികക്കാരായി നിയോഗിക്കുന്നവരെ സ്ഥിരംനിയമനത്തിന് പരിഗണിക്കില്ല. സർവീസ് റൂൾ പ്രകാരം സർവീസ് ബ്രേക്ക് ബദലിനിയമനത്തിനും ബാധകമായിരിക്കും.
കണ്ടക്ടർ, ഡ്രൈവർ, പമ്പ് ഓപ്പറേറ്റർ, മെക്കാനിക്, സെയിൽസ് അസിസ്റ്റന്റ് തസ്തികകളിലേക്കായിരിക്കും നിയമനം. ആശ്രിതനിയമനത്തിന് അപേക്ഷ നൽകിയിട്ടുള്ളവരുമായി 27, 28, 29 തീയതികളിൽ നേരിട്ട് അഭിമുഖം നടത്തും.
27 ന് കാസർഗോഡ്, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലുള്ളവർക്കും 28 ന് തൃശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലുള്ളവർക്കും 29ന് പത്തനംതിട്ട, കൊല്ലം ജില്ലകളിലുള്ളവർക്കുമാണ് അഭിമുഖം. തിരുവനന്തപുരത്തെ ചീഫ് ഓഫീസിൽ രാവിലെ ഒൻപതു മുതൽ നാലുവരെയാണ് സമയം.
തിരിച്ചറിയൽ രേഖകളും അവകാശസർട്ടിഫിക്കറ്റും മരണ സർട്ടിഫിക്കറ്റും അഭിമുഖത്തിനെത്തുന്നവർ ഹാജരാക്കണം. സ്ഥിരം നിയമനം പ്രതീക്ഷിച്ച് കാത്തിരിക്കുന്ന ആശ്രിതർക്ക് ബദലിനിയമനത്തിലൂടെ കനത്ത തിരിച്ചടിയാണ് ലഭിക്കുന്നതെന്ന് ജീവനക്കാരുടെ സംഘടനകൾ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്.
Tags : KSRTC dependency rule Daily wage implements