ആലുവ: എടയാർ വ്യവസായ മേഖലയിലെ കരിഓയിൽ ശുദ്ധീകരണ കേന്ദ്രത്തിൽ വൻ തീപിടിത്തം. ബോയിലർ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് ഒരു ജീവനക്കാരൻ മരിച്ചു. ബിഹാർ സ്വദേശി ശത്രു മുക്താർ (45) ആണു മരിച്ചത്. പരിക്കേറ്റ് കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച മറ്റൊരാളുടെ നില ഗുരുതരമാണ്.
ഇന്നലെ രാവിലെ 9.40 ഓടെയാണ് സി.ജി. ലൂബ്രിക്കന്റസ് എന്ന ഓയിൽ കമ്പനിയിൽ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായത്. ജീവനക്കാരനായ ശത്രു മുക്താർ ബോയിലർ ഓഫ് ചെയ്യാൻ ശ്രമിച്ചപ്പോഴാകാം അപകടം ഉണ്ടായതെന്നാണു നിഗമനം. പൊട്ടിത്തെറിയെത്തുടർന്ന് തീപടരുന്നതു കണ്ട് സ്ഥാപനത്തിലുണ്ടായിരുന്ന 30 ഓളം ജീവനക്കാർ പുറത്തേക്കോടി.
പിന്നീട് അഗ്നിരക്ഷാസേനയെത്തി തീയണയ്ക്കുമ്പോഴാണ് ഒരു ജീവനക്കാരനെ കാണാനില്ലെന്ന കാര്യം തിരിച്ചറിയുന്നത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കത്തിക്കരിഞ്ഞ മൃതദേഹം ബോയിലറിനടുത്തുനിന്ന് കണ്ടെത്തുന്നത്. മരിച്ച ശത്രു മുക്താർ കുടുംബസമേതം കടുങ്ങല്ലൂർ മുപ്പത്തടത്തായിരുന്നു താമസിച്ചിരുന്നത്. ഭാര്യയും രണ്ടു മക്കളുണ്ട്. ഇവരുടെ സാന്നിധ്യത്തിലാണ് മൃതദേഹം മെഡിക്കൽ കോളജിലെ മോർച്ചറിയിലേക്കു മാറ്റിയത്.
എടയാർ വ്യവസായ മേഖലയിലെ ആദ്യ ഫാക്ടറികളിൽ ഒന്നാണു തീപിടിത്തമുണ്ടായ സി.ജി. ലൂബ്രിക്കന്റസ്. ഓയിൽ നിറച്ച നിരവധി പ്ലാസ്റ്റിക് കണ്ടെയ്നറുകൾ തുടർച്ചയായി പൊട്ടിത്തെറിച്ചത് തീ നിയന്ത്രിക്കുന്നതിനു തടസമായി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ കെടുത്താനായത്.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ 12 ഓളം അഗ്നിരക്ഷാ യൂണിറ്റുകളാണ് തീ കെടുത്താൻ പരിശ്രമിച്ചത്.
ഷോർട്ട് സർക്യൂട്ടല്ല തീപിടിത്തത്തിനു കാരണമെന്നും കൂടുതൽ അന്വേഷണത്തിലേ മറ്റു കാരണങ്ങൾ വ്യക്തമാകൂവെന്നും അഗ്നിരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.
Tags : fire breaks out Kari oil refinery C.G. Lubricants Edayar industrial area