തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്രിതര്‍ക്കുമായി ഏര്‍പ്പെടുത്തിയ മെഡിസെപ് മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്നു മുതല്‍ നടപ്പില്‍ വരുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.
സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍വീസ്- കുടുംബ പെന്‍ഷന്‍കാര്‍, യുണിവേഴ്സിറ്റികളിലെയും തദ്ദേശ സ്ഥാപനങ്ങളിലേയും ജീവനക്കാരും പെന്‍ഷന്‍കാരും, അവരുടെ ആശ്രിതരും ഉള്‍പ്പെടെ നിലവിലുള്ളവരെല്ലാം പുതുക്കിയ പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും. വര്‍ഷം അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഉറപ്പാക്കുന്നതാണ് പുതുക്കിയ പദ്ധതി.അടിസ്ഥാന ഇന്‍ഷ്വറന്‍സ് പരിരക്ഷ മൂന്നുലക്ഷം രൂപയില്‍ നിന്ന് അഞ്ചുലക്ഷമായി രണ്ടാം ഘട്ടത്തില്‍ ഉയര്‍ത്തി.
പ്രതിമാസം 687 രൂപ പ്രിമീയം ഇനത്തില്‍ നല്‍കണം. ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ് കമ്പനിക്കാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല. ദേശീയാടിസ്ഥാനത്തില്‍ അംഗീകരിച്ചിട്ടുള്ള ഹെല്‍ത്ത് ബെനിഫിറ്റ് പാക്കേജ് 2022 അനുസരിച്ചുള്ള ചികിത്സാ പാക്കേജുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനാല്‍ കൂടുതല്‍ ആശുപത്രികളുടെ സേവനം പദ്ധതിക്കായി ലഭ്യമാക്കാനാവും.
എംപാനല്‍ ചെയ്തിട്ടുള്ള ആശുപത്രികളിലെല്ലാം ക്യാഷ്ലെസ് കിടത്തി ചികിത്സ ലഭ്യമാകും. മെഡിക്കല്‍, സര്‍ജിക്കല്‍ പാക്കേജുകളുള്‍പ്പെടെ 2,516 പാക്കേജുകള്‍ പുതുക്കിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 1,920 പാക്കേജുകളാണ് ഉണ്ടായിരുന്നത്. കൂടുതല്‍ ആശുപത്രികളെ ഉള്‍പ്പെടുത്തുന്നതിനോടൊപ്പം ഓരോ ആശുപത്രിയിലും ലഭ്യമായ എല്ലാ വിഭാഗങ്ങളെയും എംപാനല്‍ ചെയ്യാനുള്ള വ്യവസ്ഥയും പുതുക്കിയ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം 5,000 രൂപവരെ മുറി വാടക നിശ്ചയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പേ വാര്‍ഡ് മുറി വാടക പ്രതിദിനം 2,000 രൂപവരെയാക്കി നിശ്ചയിച്ചിട്ടുണ്ട്. ഒരേ സമയം സര്‍ജിക്കല്‍, മെഡിക്കല്‍ പാക്കേജുകള്‍ക്ക് പരിരക്ഷ ഉറപ്പാക്കുന്നതാണ് പുതുക്കിയ പദ്ധതി.
റോഡ് അപകടം, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യങ്ങളില്‍ എംപാനല്‍ ചെയ്തിട്ടില്ലാത്ത ആശുപത്രിയില്‍ ചികിത്സ തേടാം. ഇതിന്റെ ചെലവ് കമ്പനി മടക്കി നല്‍കും. ഇത്തരത്തില്‍ റീ-ഇംപേഴ്സമെന്റ് ആനുകൂല്യത്തിന് പത്ത് അധിക ചികിത്സകള്‍കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പദ്ധതിയില്‍ ഗുണഭോക്താക്കളെ ചേര്‍ക്കുന്നതിന് പ്രായപരിധി ബാധകമാകില്ല. ഏതു പ്രായത്തിലുള്ളവര്‍ക്കും പദ്ധതിയില്‍ അംഗത്വം നല്‍കും. 365 ദിവസവും ദിവസം മുഴുവന്‍ കാള്‍ സെന്റര്‍ സംവിധാനമുണ്ടാകും.
ത്രിതല പരാതി പരിഹാര സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളാ പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് എന്നിവയുടെ പ്രതിനിധികളെയും പരാതി പരിഹാര സംവിധാനത്തില്‍ ഉള്‍പ്പെടുത്തും.
Tags : MediCep Phase 2 Medical Insurance