തിരുവനന്തപുരം: കേരളത്തെ റെയർ എർത്ത് ഹബ്ബാക്കി മാറ്റുമെന്നും വിഴിഞ്ഞം തുറമുഖത്തെയും കൊച്ചിയെയും ബന്ധിപ്പിച്ചുകൊണ്ട് പുതിയ റെയർ എർത്ത് കോറിഡോർ സ്ഥാപിക്കുമെന്നും മൈനിംഗ് ആൻഡ് ജിയോളജി മന്ത്രി പി. രാജീവ്. വിഴിഞ്ഞം തുറമുഖം അന്താരാഷ്ട്ര കപ്പൽ ചാലുകളോട് അടുത്തായതിനാൽ മുംബൈ, കൊളംബോ തുറമുഖങ്ങളെ അപേക്ഷിച്ച് എട്ടു മുതൽ 10 ദിവസം വരെ യാത്രാസമയം ലാഭിക്കാൻ സാധിക്കുമെന്നത് പദ്ധതിക്ക് ഗുണകരമാകും.
മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് കോവളം ആർട്ട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. റെയർ എർത്ത് കോറിഡോർ പദ്ധതിയിലൂടെ കേരളത്തിലേക്ക് 42,000 കോടി രൂപയുടെ നിക്ഷേപവും 50,000 നേരിട്ടുള്ള തൊഴിലവസരങ്ങളും പ്രതീക്ഷിക്കുന്നു. ചവറ കെഎംഎംഎല്ലിനോട് ചേർന്ന് ഇതിനായുള്ള പ്രത്യേക കേന്ദ്രം സ്ഥാപിക്കും.
റെയർ എർത്ത് ക്രിട്ടിക്കൽ മിനറൽ മിഷനായി സംസ്ഥാന ബജറ്റിൽ 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കെഎംഎംഎൽ, കെൽട്രോൺ, എൻഎഫ്ടിഡിസി എന്നിവയുടെ പങ്കാളിത്തത്തോടെയാകും മിഷൻ നടപ്പിലാക്കുക. സംസ്ഥാനത്തെ മോണോസൈറ്റ് നിക്ഷേപങ്ങൾ പ്രയോജനപ്പെടുത്തി മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്നതിനായി കെഎംഎംഎൽ അന്താരാഷ്ട്ര ഏജൻസികളിൽ നിന്ന് താല്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. മെറ്റൽ നിർമാണത്തിനായി വിഎസ്എസ്സി, ഐഎസ്ആർഒ എന്നിവയുമായി സഹകരിച്ചുള്ള പദ്ധതികളും പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു.
മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ വരുമാനത്തിൽ വൻ വർധനവുണ്ടായിട്ടുണ്ട്. 2021-22 കാലയളവിൽ 192 കോടി രൂപയായിരുന്ന വരുമാനം 2024-25 ആയപ്പോഴേക്കും 556 കോടി രൂപയായി ഉയർന്നു. അനധികൃത ഖനനം തടയുന്നതിനും നിക്ഷേപങ്ങൾ കണ്ടെത്തുന്നതിനുമായി ഡ്രോൺ സർവേ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ദേശീയപാത, വിമാനത്താവള വികസനം എന്നിവയുമായി ബന്ധപ്പെട്ട ഖനന വിഷയങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക സംവിധാനവും ഏർപ്പെടുത്തി.
ഖനന മേഖലയിലെ നിയമങ്ങൾ പരിഷ്കരിക്കുകയും പൊതുജനങ്ങൾക്ക് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി പ്രത്യേക കൈപ്പുസ്തകം പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിന്റെ ഭൂപ്രകൃതിയും വനമേഖലയും സംരക്ഷിച്ചുകൊണ്ട് വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
Tags : Minister P. Rajeev Kerala rare earth hub