x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആരുമറിയാതെ പ്രസവം: പൂഴനാട് നവജാത ശിശു മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹത

തിരുവനന്തപുരം ബ്യൂറോ
Published: April 6, 2026 11:58 AM IST | Updated: April 6, 2026 11:58 AM IST

കാട്ടാക്കട: പൂഴനാട് നവജാത ശിശു മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹതയെന്ന് പോലീസ്. പ്രസവം നടന്നത് ഭര്‍ത്താവോ വീട്ടുകാരോ അറിയാതെയാണെന്ന വെളിപ്പെടുത്തലാണ് കേസിനെ സങ്കീര്‍ണക്കുന്നത്.

പൂഴനാട് പ്ലാവിള വീട്ടില്‍ ഷംനയുടെ (21) കുഞ്ഞാണ് മരിച്ചത്. പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയതാണോ എന്ന സംശയത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ഞായറാഴ്ച ഉച്ചയ്ക്ക് ഭര്‍ത്താവ് അല്‍ത്താഫ് വീട്ടിലെത്തുമ്പോള്‍ ഷംന വയറുവേദന കാരണം അവശനിലയിലായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി ഓട്ടോറിക്ഷയില്‍ കയറ്റുന്നതിനിടെ മുറിയില്‍ പരിശോധിച്ചപ്പോഴാണ് കട്ടിലിനടിയില്‍ രക്തം പുരണ്ട തുണിക്കെട്ട് കണ്ടതെന്ന് അല്‍ത്താഫ് മൊഴി നല്‍കി.

അസുഖാവസ്ഥയിലായ യുവതിയെ കാട്ടക്കട മമല്‍ ആശുപത്രിയിലാണ് കൊണ്ടു വന്നത്. ഇവരാണ് പോലീസിനെ വിവരം അറിയിച്ചത്. അങ്ങനെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ദുരൂഹതയുണ്ടെന്ന് പോലീസും സംശയിക്കുന്നു.

ഭാര്യയെ ആശുപത്രിയിലേക്ക് കൊണ്ടു പോകും മുമ്പ് ഇറച്ചിക്കട തൊഴിലാളിയായ അല്‍ത്താഫ് തുണിക്കെട്ട് പരിശോധിച്ചപ്പോഴാണ് അതിനുള്ളില്‍ ചോരക്കുഞ്ഞിനെ കണ്ടത്. ഉടന്‍ തന്നെ കുഞ്ഞിനെയും ഷംനയെയും സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന് ജീവനില്ലായിരുന്നു. കുഞ്ഞിന്‍റെ കഴുത്തിലും നെഞ്ചിലും മുറിവുകള്‍ കണ്ടതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. കുട്ടിയെ കൊലപ്പെടുത്തിയതാണോ എന്നും സംശയമുണ്ട്.

തന്‍റെ ഭാര്യ ഗര്‍ഭിണിയായിരുന്നു എന്ന വിവരം താനോ വീട്ടിലെ മറ്റുള്ളവരോ അറിഞ്ഞിരുന്നില്ലെന്നാണ് അല്‍ത്താഫ് പോലീസിനോട് പറഞ്ഞിരിക്കുന്നത്. പത്തുമാസത്തോളം നീണ്ട ഗര്‍ഭകാലം കൂടെക്കഴിയുന്ന ഭര്‍ത്താവ് പോലും അറിയാത്തത് എങ്ങനെയെന്ന കാര്യത്തില്‍ പോലീസിന് വലിയ സംശയമുണ്ട്. അടുമുടി ദുരൂഹമാണ് സംഭവമെന്ന് പോലീസും പറയുന്നു.

മൂന്ന് വര്‍ഷം മുന്‍പായിരുന്നു അല്‍ത്താഫിന്‍റെയും ഷംനയുടെയും വിവാഹം. ഇവര്‍ക്ക് രണ്ട് വയസുള്ള മറ്റൊരു കുഞ്ഞുണ്ട്. നിലവില്‍ പോലീസ് നിരീക്ഷണത്തില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഷംന. കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കുഞ്ഞിന്‍റെ മരണകാരണം വ്യക്തമാകൂ.

വീട്ടില്‍ വെച്ച് പ്രസവം നടന്ന സാഹചര്യവും കുഞ്ഞിന്‍റെ ശരീരത്തിലെ മുറിവുകളും കൊലപാതക സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സംഭവത്തില്‍ ആര്യങ്കോട് പോലീസ് വിശദമായ മൊഴിയെടുപ്പും അന്വേഷണവും നടത്തിവരികയാണ്. ഔദ്യോഗികമായ സ്ഥിരീകരണങ്ങള്‍ക്കായി കാത്തിരിക്കുകയാണ് നാട്ടുകാരും പോലീസും.

Tags : Mystery death newborn baby

Recent News

Corehub Up