തൃശൂർ: ഭരണം മാറിയിട്ടും കേരളത്തിലെ സാംസ്കാരിക സ്ഥാപനങ്ങളുടെ പ്രതിസന്ധിക്ക് അയവില്ല. സർക്കാർ പ്രഖ്യാപിച്ച പദ്ധതിയിതര ഫണ്ട് വൈകുന്നതും രാജിവച്ച അധ്യക്ഷന്മാർക്കു പകരം പുതിയവരെ കണ്ടെത്താൻ വൈകുന്നതും അതുവരെ പകരം ഉദ്യോഗസ്ഥർക്കു ചുമതല നൽകാത്തതും കാരണം സാഹിത്യ അക്കാദമി, ലളിതകല അക്കാദമി, സംഗീത നാടക അക്കാദമി എന്നിവിടങ്ങളിലെല്ലാം മേയിലെ ശന്പളം മുടങ്ങി. കലാമണ്ഡലത്തിൽ മൂന്നു മാസത്തെ ശന്പളം കുടിശികയാണ്.
ഒരുവർഷമായി തുടരുന്ന പ്രതിസന്ധിയാണ് ഇപ്പോഴുമുള്ളതെന്നാണു വിവരം. സർക്കാർ ബജറ്റിൽ തുക പ്രഖ്യാപിക്കുമെങ്കിലും അത്യാവശ്യചെലവുകൾക്കായി വകമാറ്റുന്നതോടെ സാംസ്കാരിക സ്ഥാപനങ്ങൾ ഞെരുങ്ങുകയാണെന്നു ജീവനക്കാർ പറയുന്നു. മാസങ്ങളായി തനതു ഫണ്ടിൽനിന്നാണു ശന്പളത്തിനും മറ്റും വകമാറ്റുന്നത്.
ഓഡിറ്റോറിയങ്ങൾ വാടകയ്ക്കു നൽകൽ, പുസ്തകവിൽപന എന്നിവയാണ് സാഹിത്യ അക്കാദമിയുടെ തനതു വരുമാനം. ഇതിൽ കാര്യമായ കുറവുണ്ടായി. സ്ഥിരംനിക്ഷേപത്തിൽനിന്നു ശന്പളത്തിലേക്കു പണമെടുക്കേണ്ടിവന്നു. കഴിഞ്ഞ ബജറ്റിൽ അഞ്ചുകോടി അനുവദിച്ചെങ്കിലും ചില്ലിക്കാശുപോലും നൽകിയില്ല.
സാഹിത്യ അക്കാദമിയിൽ 14 ലക്ഷവും കലാമണ്ഡലത്തിൽ 35 ലക്ഷവുമാണ് മാസശന്പളത്തിനു വേണ്ടത്. കഴിഞ്ഞ സാന്പത്തികവർഷം എട്ടുകോടി കിട്ടിയെങ്കിലും ശന്പളകുടിശിക ബാക്കിയുണ്ട്. ഈ വർഷത്തെ 8.8 കോടിയിൽ 1.7 കോടി ലഭിച്ചു. എങ്കിലും മാർച്ച്, ഏപ്രിൽ, മേയ് മാസത്തെ ശന്പളം കുടിശികയാണ്.
ലളിതകല അക്കാദമിയിലെ 65 പേർക്കാണു ശന്പളം മുടങ്ങിയത്. 16 ലക്ഷമാണ് ശന്പളത്തിനു വേണ്ടത്. തുക വകമാറ്റി ചെലവിട്ടതിനാൽ ഏപ്രിലിലെ പാതി ശന്പളമാണു ലഭിച്ചത്.
Tags : Academies deep crisis no money No salaries No leaders Sahitya Akademi Lalit Kala Akademi Sangeetha Nadaka Akademi