കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫിന്റെ പ്രകടനപത്രിക മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. കഴിഞ്ഞ പത്തുവർഷത്തിനിടെ നടപ്പിലാക്കിയ പദ്ധതികളുടെ തുടർച്ചക്കുള്ള 60 ഇന പരിപാടിയും 950 നിർദേശങ്ങളുമാണ് പ്രകടന പത്രികയിലുള്ളത്.
രണ്ട് പുസ്തകമായാണ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. കിടപ്പു രോഗികൾക്ക് സമ്പൂർണ ആരോഗ്യ പരിരക്ഷ, കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി, ഈ അധ്യായന വർഷം 60000 വിദ്യാർഥികൾക്ക് ജോലി ഉറപ്പാക്കും, സ്ത്രീകളിൽ 50 ശതമാനം പേർക്കും ജോലി.
അഭ്യസ്ഥ വിദ്യരുടെ സംരംഭങ്ങൾക്ക് പലിശ രഹിത വായ്പ, അതിവേഗ തെക്ക് വടക്ക് റെയിൽപാതയ്ക്കു വേണ്ടിയുള്ള ശ്രമം തുടരുമെന്നും പത്രികയിൽ പറയുന്നു. കോഴിക്കോട് നടന്ന ചടങ്ങിൽ എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ, സിപിഐ നേതാവ് പ്രകാശ്ബാബു, കെ. കൃഷ്ണൽകുട്ടി, എ.കെ. ശശീന്ദ്രൻ, എളമരംകരീം തുടങ്ങിയവർ പങ്കെടുത്തു.
പ്രധാന വാഗ്ദാനങ്ങൾ
1. എല്ലാ ക്ഷേമ പെൻഷനുകളും 3000 രൂപയായി വർധിപ്പിക്കും.
2. കേവല ദാരിദ്ര്യം ഇല്ലാതാക്കും. ഏറ്റവും ദരിദ്രരായ അഞ്ചു ലക്ഷം കുടുംബങ്ങളെ കണ്ടെത്തി ദാരിദ്ര്യത്തിൽനിന്ന് കരകയറ്റും.
3. കിടപ്പുരോഗികൾക്ക് സമ്പൂർണ പരിരക്ഷ ഉറപ്പാക്കുകയും മുതിർന്ന പൗരന്മാർക്കായി ആഗോള മാതൃകയിലുള്ള പരിരക്ഷാ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യും.
4. പഠനം പൂർത്തിയാക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും കാമ്പസ് പ്ലേസ്മെന്റ് ഉറപ്പാക്കും.
5. യുവജനങ്ങളുടെ പുതിയ സംരംഭങ്ങൾക്ക് പലിശരഹിത വായ്പ നൽകും.
6. ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ (ജിസിസി) 40ൽ നിന്ന് 120 ആയി വർധിപ്പിപ്പിച്ച് രണ്ടു ലക്ഷം പ്രഫഷണലുകൾക്ക് തൊഴിൽ നൽകും.
7. സ്ത്രീകളിൽ 50 ശതമാനം പേർക്ക് ജോലി ഉറപ്പാക്കും.
8. കുടുംബശ്രീ വഴി 20 ലക്ഷം വീട്ടമ്മമാർക്ക് പ്രാദേശിക തൊഴിലുകൾ ലഭ്യമാക്കും.
9. നെല്ലിന്റെ താങ്ങുവില 35 രൂപയായും നാളികേരത്തിന് 45 രൂപയായും റബറിന് 300 രൂപയായും വർധിപ്പിക്കും.
10. പാലുത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുകയും ‘കേരള ചിക്കൻ’ പദ്ധതി 5,000 യൂണിറ്റുകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യും.
11. മത്സ്യത്തൊഴിലാളികൾക്ക് കടലിന്മേൽ ഉടമസ്ഥാവകാശവും ആദ്യ വിൽപനാവകാശവും നൽകുന്നതിനുള്ള സമുദ്ര പരിഷ്കാരം നടപ്പിലാക്കും.
12. ലൈഫ് മിഷൻ 2.0 വഴി അവശേഷിക്കുന്ന കുടുംബങ്ങൾക്കും വീട് നൽകി കേരളത്തെ രാജ്യത്തെ ആദ്യ സമ്പൂർണ പാർപ്പിട സംസ്ഥാനമാക്കും.
13. തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ റെയിൽ നടപ്പിലാക്കും.
14. കൊച്ചി വാട്ടർ മെട്രോ ആലപ്പുഴ, കൊല്ലം, കൊടുങ്ങല്ലൂർ മേഖലകളിലേക്ക് വ്യാപിപ്പിക്കും.
15. ആളില്ലാ റെയിൽവേ ലെവൽ ക്രോസുകളുള്ള സംസ്ഥാനമായി കേരളത്തെ മാറ്റും.
16. കാരുണ്യ പദ്ധതിയുടെ ചികിത്സാ പരിധി അഞ്ചു ലക്ഷം എന്നതിൽനിന്ന് മാറ്റി പരിധിയില്ലാതെ ആനുകൂല്യം ലഭ്യമാക്കും
17. തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നാല് ഉന്നതവിദ്യാഭ്യാസ നഗരങ്ങൾ സ്ഥാപിക്കും.
18. അങ്കണവാടികൾ സ്മാർട്ടാക്കുകയും സ്കൂൾ വിദ്യാഭ്യാസത്തിൽ മിനിമം ശേഷി ഉറപ്പുവരുത്തുകയും ചെയ്യും.
19. എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള ജനകീയ കാമ്പയിൻ നടത്തും.
20. സമ്പൂർണ മാലിന്യസംസ്കരണം, കക്കൂസ് മാലിന്യ സംസ്കരണത്തിനായി എഫ്എസ്ടിപികൾ എന്നിവ സ്ഥാപിക്കും.
21. ശബരിമല മാസ്റ്റർ പ്ലാൻ പൂർത്തിയാക്കുകയും ക്ലീൻ പമ്പ പദ്ധതി നടപ്പിലാക്കുകയും ചെയ്യും.