മന്ത്രി ടി. സിദ്ദിഖ്
വയനാട്: ഷാഫി പറമ്പിൽ മികച്ച പൊട്ടൻഷ്യലുള്ള നേതാവാണെന്നും അദ്ദേഹത്തിന് മുന്നോട്ടുപോകാൻ ഫ്ലക്സ് ബോർഡുകളുടെ ആവശ്യമില്ലെന്നും മന്ത്രി ടി. സിദ്ദിഖ്. കേരളത്തിലെ പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളാണ് ഷാഫിയെന്നും ഉയർന്ന തലത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാനമെന്നും സിദ്ദിഖ് വ്യക്തമാക്കി.
എല്ലാവരെയും ഒരുമിച്ച് നിർത്തിക്കൊണ്ടാണ് കോൺഗ്രസ് മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മിൽ ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള തർക്കങ്ങളടക്കം രൂക്ഷമായ ആഭ്യന്തര പ്രശ്നങ്ങളാണ് നിലനിൽക്കുന്നതെന്നും, എന്നാൽ കോൺഗ്രസിൽ അത്തരം പ്രശ്നങ്ങളൊന്നുമില്ലെന്നും ടി. സിദ്ദിഖ് ചൂണ്ടിക്കാട്ടി.
അതേസമയം, ഷാഫി പറമ്പിലിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള ഫ്ലക്സ് ബോർഡുകൾ വിവിധ സ്ഥലങ്ങളിൽ ഉയരുന്നത് തുടരുകയാണ്. കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിൽ യൂത്ത് കോൺഗ്രസിന്റെ പേരിൽ പുതിയ ബോർഡ് സ്ഥാപിച്ചു. 'കുപ്രചരണങ്ങൾക്കും കുടിലതന്ത്രങ്ങൾക്കും തകർക്കാനാവില്ല ഈ ജനകീയ മുഖത്തെ' എന്ന വാചകമാണ് ബോർഡിലുള്ളത്. കഴിഞ്ഞ ദിവസം തൃക്കരിപ്പൂരിലും കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നിലും പ്രവർത്തകർ ഒപ്പമുണ്ടെന്ന സന്ദേശവുമായി യൂത്ത് കോൺഗ്രസിന്റെ പേരിൽ സമാനമായ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
Tags : T siddique Shafiparambil Congress Politics