മുഖ്യമന്ത്രി വി.ഡി.സതീശൻ
തിരുവനന്തപുരം: എഐയുടെ കാലത്ത് താൻ നിരന്തരം നിരീക്ഷണത്തിലാണെന്നും തന്റെ ഫോൺ ചോർത്തപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ വെളിപ്പെടുത്തി. ഫോൺ ചോർത്തുന്നവരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ഫോൺ സംഭാഷണങ്ങളിലൂടെ പല കാര്യങ്ങളും താൻ ബോധപൂർവ്വം തെറ്റായി പറയാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വ്യാപകമായ ഇക്കാലത്ത് നമ്മുടെ തീരുമാനങ്ങളും പ്രവൃത്തികളും നിയന്ത്രിക്കുന്നത് മറ്റു ഘടകങ്ങളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ പോകുമ്പോഴും, കാറിലും വീട്ടിലും മുറിയിലുമെല്ലാം പ്രവേശിക്കുമ്പോഴും നാം ആരുടെയെങ്കിലുമൊക്കെ നിരീക്ഷണത്തിലാണുള്ളതെന്നും, താൻ നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന കാര്യത്തിൽ യാതൊരു രഹസ്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രസംഗത്തിനിടെ ജോർജ്ജ് ഓർവെല്ലിന്റെ പ്രസിദ്ധ കൃതിയായ '1984' നെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഭരണകൂടം ജനങ്ങളെ നിരന്തരം നിരീക്ഷിക്കുന്ന പ്രമേയമുള്ള ആ പുസ്തകം കോളേജ് കാലത്ത് വായിച്ചപ്പോൾ ഏകദേശം ഒരു മാസത്തോളം താൻ കടുത്ത അരക്ഷിതാവസ്ഥയിലും പിരിമുറുക്കത്തിലുമായിരുന്നു. എന്നാൽ ഇന്ന് തനിക്ക് അത്തരമൊരു ഭയമില്ലെന്നും താൻ നിരീക്ഷണത്തിലാണെന്ന് പൂർണ്ണബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Tags : VDSatheesan phone tap Chief Minister Congress