മരിച്ച വിജയ്,അമൃത
മാമലക്കണ്ടം: മാമലക്കണ്ടം എളംബാശേരി ഉന്നതിയിൽ യുവാവ് ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ അയൽവാസിയായ യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. ഉന്നതിയിലെ വാസുവിന്റെ മകൻ വിജയ് വാസു (19), ദേവയാനിയുടെ ചെറുമകൾ അമൃത (18) എന്നിവരാണ് രണ്ട് ദിവസത്തിനിടെ മരിച്ചത്.
ഇരുവരും കുറച്ചുകാലമായി പ്രണയത്തിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഈ ബന്ധത്തെച്ചൊല്ലി വിജയ്യുടെ വീട്ടിൽ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിനിടെ കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് അമ്മ അയൽവീട്ടിലേക്ക് പോയ സമയത്ത് വിജയ്യെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബുധനാഴ്ച ഉന്നതിയിലായിരുന്നു വിജയ്യുടെ സംസ്കാരം.
വിജയ്യുടെ വിയോഗമറിഞ്ഞതുമുതൽ അമൃത കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ബുധനാഴ്ച വൈകുന്നേരത്തോടെ വീട്ടിൽ നിന്നും ഇറങ്ങിപ്പോയ അമൃതയെ കാണാതായതോടെ വീട്ടുകാർ കുട്ടമ്പുഴ പൊലിസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വ്യാഴാഴ്ച രാവിലെ വീടിന് ഏകദേശം 500 മീറ്റർ മാറിയുള്ള സ്ഥലത്ത് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ അമൃതയുടെ മൃതദേഹം ഇന്ന് ഉന്നതിയിലെ ശ്മശാനത്തിൽ സംസ്കരിക്കും. പഠനശേഷം കൂലിപ്പണി ചെയ്തുവരികയായിരുന്നു വിജയ്. ചെറുപ്രായത്തിൽ അമ്മ മരിച്ചതിനെത്തുടർന്ന് മുത്തശിക്കൊപ്പം താമസിച്ചിരുന്ന അമൃത, പ്ലസ്ടുവിന് ശേഷം കോതമംഗലത്ത് ടിടിസി വിദ്യാർഥിനിയായിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദങ്ങൾ നേരിടുന്നവർ വിദഗ്ധരുടെ സഹായം തേടുക. ദിശ ഹെൽപ്പ്ലൈൻ നമ്പറുകൾ: 1056, 0471-2552056)
Tags : Suicide death man Girlfriend