കൊച്ചി: ശബരിമലയില്‍ ബില്ലും വൗച്ചറുമില്ലാതെ നിത്യപൂജാ സാധനങ്ങള്‍ കൈപ്പറ്റുന്നതിനെ ന്യായീകരിക്കുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട് തള്ളി ഹൈക്കോടതി. വഴിപാട് സാധനങ്ങള്‍ വാങ്ങാന്‍ കേരള ഫിനാന്‍ഷ്യല്‍ കോഡോ പര്‍ച്ചേസ് മാനുവലോ പാലിക്കേണ്ടതില്ലെന്നും സാധനങ്ങള്‍ പെട്ടെന്ന് കേടാകുന്നവയായതിനാല്‍ ബില്ലുകള്‍ പ്രായോഗികമല്ലെന്നുമുള്പ്പെടെ വാദങ്ങള്‍ ജസ്റ്റീസ് വി. രാജ വിജയരാഘവന്, ജസ്റ്റീസ് കെ.വി.ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് തള്ളി.
വഴിപാടുകളുമായി ബന്ധപ്പെട്ട് നിലവില്‍ ശബരിമലയില്‍ നടക്കുന്ന രീതികള്‍ സുതാര്യമാണോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് സംസ്ഥാന ഓഡിറ്റ് വകുപ്പിനും കോടതി നിര്‍ദേശം നല്കി. കഴിഞ്ഞ 10 വര്‍ഷത്തെ അഷ്ടാഭിഷേകം, മഹാനിവേദ്യം, ഗണപതി ഹോമം തുടങ്ങിയ വഴിപാടുകളുടെ മുഴുവന്‍ രേഖകളും 10 ദിവസത്തിനകം കോടതിയില്‍ ഹാജരാക്കണം. സുനില്‍ സ്വാമിയെന്ന സുനില്‍കുമാറോ മറ്റ് സ്പോണ്‍സര്‍മാരോ നല്കിയ സാധനങ്ങളുടെ വിവരങ്ങള്‍, സ്റ്റോക്ക് രജിസ്റ്റര്‍ എന്നിവ സമര്‍പ്പിക്കണം. ദേവസ്വം ബോര്‍ഡിന്റെ കണക്കുകള്‍ പരിശോധിച്ച ഓഡിറ്റര്‍മാരുടെ വിവരങ്ങളും ഓഡിറ്റ് റിപ്പോര്‍ട്ടുകളും ഹാജരാക്കാനും നിര്‍ദേശിച്ചു.
ബോര്‍ഡിന്റെ വാദങ്ങള്‍ പൊതു സാമ്പത്തിക ഭരണത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധവും അഴിമതിക്ക് വഴിതുറക്കുന്നതും വിചിത്രവുമാണെന്ന് കോടതി പറഞ്ഞു. പൊതുപണം ചെലവഴിക്കുമ്പോള്‍ കൃത്യമായ രേഖകള്‍ വേണ്ടതുണ്ട്. സാധനങ്ങള്‍ കേടാകുന്നവയാണെങ്കില്‍ കൃത്യമായ രേഖകള്‍ സൂക്ഷിക്കേണ്ടത് അഴിമതി തടയാന്‍ അനിവാര്യമാണ്. 1250 ക്ഷേത്രങ്ങളുള്ള ദേവസ്വം ബോര്‍ഡിന് സുതാര്യതയില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും കോടതി പറഞ്ഞു.
ശബരിമല ക്ഷേത്ര ഭരണത്തിലും വഴിപാട് നടത്തിപ്പിലും ഗുരുതരമായ ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് നിരീക്ഷണം. ദേവസ്വം ഓഡിറ്റ് റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ സമയം അനുവദിച്ച കോടതി തുടര്‍ന്ന് കേസ് 19ന് വീണ്ടും പരിഗണിക്കാനായി മാറ്റി.
Tags : Nithya Pooja without Bills Vouchers High Court Devaswom