ഒരു രാത്രികൂടി വിടവാങ്ങിയാല്‍,
പതിയെ പറന്നരികില്വരുന്ന
പന്തിന്റെ അഴകിലേക്കു നീയും, ഞാനും...
പലനാളലഞ്ഞ കാല്‍പ്പന്ത് യാത്രയുടെ,
ഹൃദയം തെരഞ്ഞ പ്രിയസ്വപ്നം;
ഫിഫ 2026 ലോകകപ്പ്...
ഗോളാന്തര കാല്‍പ്പന്ത് പോരിന്റെ കിക്കോഫ് നാളെയാണെന്ന മധുരിത സ്വപ്നത്തോടെ ഈ രാത്രി സുഖസുഷുപ്തിയിലേക്ക്. പിന്നെ, സെക്കന്‍ഡുകള്‍ക്ക് മിനിറ്റിന്റെയും മിനിറ്റുകള്‍ക്ക് മണിക്കൂറിന്റെയും കനമുള്ള ഒരു പകല്‍ ദൈര്‍ഘ്യം. വാതില്പഴുതിലൂടെ കുങ്കുമം വിതറി ത്രിസന്ധ്യ പോകേ, ലോകകപ്പിന്റെ മധുരമാം കാലൊച്ച, പിന്നെ; ഗോ....ള്‍ എന്ന ആരവം...
ഇന്ത്യ ഇല്ലെങ്കിലെന്ത്...
ഇക്കാലമത്രയും ഫിഫ ലോകകപ്പ് വേദിയില്‍ ഇന്ത്യ പന്തുതട്ടുന്നതിനെക്കുറിച്ച് നീയും ഞാനും സ്വപ്നം കണ്ടിട്ടുണ്ടോ..? നടക്കാത്ത സ്വപ്നത്തെ മനപ്പൂര്‍വം മറക്കാം, അല്ലേ...
“ഉറങ്ങുന്ന ഭീമാ”... എന്ന മുന്‍ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററിന്റെ വിളികേട്ടിട്ടും ഉറക്കം വിട്ടൊഴിയാത്ത ഞാനും നീയും ഇന്നും പുതപ്പിന്റെ ഈറന്‍ ഗന്ധം ആഞ്ഞാസ്വദിക്കുന്നു...
ഫിഫ ലോകകപ്പിലേക്കുള്ള ഗെയ്റ്റ് കീപ്പിംഗ് 32ല്‍നിന്ന് 48ലേക്ക് ഉയര്‍ത്തിയിട്ടും ആ റെഡാറിനു പുറത്തുതന്നെ ജനസംഖ്യാ ഭീമന്റെ സ്ഥാനം. 148 കോടിയും കടന്നു കുതിക്കാനൊരുങ്ങുന്ന നമുക്കിടയില്‍നിന്ന്, കാല്‍പ്പന്ത് ലോകത്തെ വെല്ലുവിളിക്കാന്‍ പ്രാപ്തമായ അല്ലെങ്കില്‍ ആ വേദിയുടെ വെള്ളിവെളിച്ചത്തിലേക്ക് ഇറങ്ങി നില്ക്കാന് കെല്‍പ്പുള്ള 26 പേരെ ലഭിക്കാന്‍ ഇനിയുമെത്ര കാലം... ത്രിവര്ണത്തിനു പുറത്തുള്ള ഇന്ത്യന്‍ വംശജരെ ഉയര്‍ത്തിക്കാട്ടി ഈ തലമുറയുടെയും ആശതീര്ക്കേണ്ടിവരുമോ... ഹാ കഷ്ടം!!!
കണ്ണാടിയിലേക്ക്
എഐഎഫ്എഫ് (ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്), നിങ്ങള്‍ കണ്ണാടി നോക്കണം. വരും തലമുറയുടെ കാല്‍പ്പന്ത് സ്വപ്നത്തെ അശാന്തിയിലേക്കു തള്ളിവിട്ടൊരു സീസണ് ആയിരുന്നു ഇക്കഴിഞ്ഞത്. പണം മുടക്കുന്നവര്‍ തമ്മിലുള്ള ബലാബലത്തിനിടെ, രാജ്യത്തെ പരമോന്നത ഫുട്ബോള്‍ ലീഗായ ഐഎസ്എല്‍ വെറ്റിലേറ്ററില്‍ കിടന്നത് ആറു മാസത്തില്‍ അധികം. പിന്നെ, ജീവവായു നഷ്ടപ്പെട്ടൊരു സീസണ് നടത്തി ചടങ്ങ് പൂര്‍ത്തിയാക്കി. കാല്‍പ്പന്തിനൊപ്പം ഓടിക്കളിക്കുന്ന കുരുന്നിനെ മാതാപിതാക്കള്‍ എന്ത് ഭാവി ചൂണ്ടികാണിച്ച് പറഞ്ഞയയ്ക്കും...
ഭൂഗോളന്തിന്റെ മറുവശത്ത്, ബ്രസീലിന്റെ തെരുവുകളില്‍ പന്തുതട്ടുന്ന പട്ടിണിപ്പാവങ്ങള്‍ക്കുപോലും ദേശീയ ഫുട്ബോളും ഫിഫ ലോകകപ്പുമെന്ന സ്വപ്നമുണ്ടെന്നതും മറക്കരുത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി, നെയ്മര്‍, കിലിയന്‍ എംബപ്പെ, എര്‍ലിംഗ് ഹാലണ്ട്, ഹാരി കെയ്ന്‍... കേരളക്കരയില്‍ ഉയര്‍ന്നു പൊങ്ങിയ, വന്‍മരങ്ങളേക്കാള്‍ തലപ്പൊക്കമുള്ള കട്ടൗട്ടുകള്‍ ഏറെ. ഓരോ ലോകകപ്പും വരുമ്പോള്‍ മലയാളക്കരയുടെ ഹൃദയം തങ്ങളുടെ പ്രിയതാരങ്ങള്‍ക്കും അവരുടെ രാജ്യങ്ങള്‍ക്കുമൊപ്പം. ഭൂഗോളപ്പോരില് ഇന്ത്യന്‍ ടീമിനൊപ്പം മലയാളിയുണ്ടെങ്കില്‍ കേരളത്തിന്റെ ആവേശം എത്രയെന്ന് ഐസിസി ട്വന്റി-20 ലോകകപ്പിലൂടെ കണ്ടറിഞ്ഞു. കാല്‍പ്പന്തിലും അങ്ങനൊരു നാള് വരുമെന്ന സ്വപ്നത്തോടെ ഈയൊരു രാത്രികൂടി നമുക്കുറങ്ങാം; നാളെ രാത്രിയാണ് 2026 ഫിഫ ലോകകപ്പിന്റെ കിക്കോഫ്...
Tags : FIFA 2026 World Cup kickoff Football ZEE5 broadcast simultaneously matches