കൊച്ചി: എന്‍ജിനിയറിംഗ് പ്രവേശനത്തിനുള്ള കീം റാങ്ക് പട്ടിക തയാറാക്കുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ നോര്മലൈസേഷന് രീതി ശരിവച്ച് ഹൈക്കോടതി.
പുതിയ രീതി പ്രകാരം തയാറാക്കിയ 2026ലെ പ്രോസ്പെക്ടസിലെ വ്യവസ്ഥകള്‍ സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് ദോഷകരമാണെന്നും വിദഗ്ധ പഠനം നടത്താതെയാണ് ഈ രീതി നടപ്പാക്കിയതെന്നുമാരോപിച്ച് ഒരുകൂട്ടം സിബിഎസ്ഇ വിദ്യാര്‍ഥികള്‍ നല്കിയ ഹര്‍ജികള്‍ ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് തള്ളി.
വിദ്യാഭ്യാസ ബോര്‍ഡുകള്‍ തമ്മിലുള്ള മാര്‍ക്ക് വ്യത്യാസം പരിഹരിക്കാന്‍ തമിഴ്നാട് മാതൃകയില്‍ കൊണ്ടുവന്ന നോര്മലൈസേഷന് രീതി വിദഗ്ധ പഠനം നടത്താതെ നടപ്പാക്കിയതാണെന്നായിരുന്നു പ്രധാന ആരോപണം.
എന്നാല്‍ തമിഴ്നാട്ടില്‍ ഈ രീതി വിജയകരമായി തുടരുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഈ രീതി ശിപാര്‍ശ ചെയ്ത പ്രവേശനപരീക്ഷാ കമ്മീഷണര്‍, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍, എസ്സിഇആര്ടി ഡയറക്ടര്‍ എന്നിവരടങ്ങിയ സമിതി വിദ്യാഭ്യാസരംഗത്തെ വിദഗ്ധരല്ലെന്ന ഹര്‍ജിക്കാരുടെ വാദം അംഗീകരിക്കാനാകില്ല.
പുതിയ നോര്മലൈസേഷന് രീതിയില്‍ അസ്വാഭാവികതയോ നിയമവിരുദ്ധമായ കാര്യങ്ങളോ കണ്ടെത്താനായില്ല. പുതിയ രീതി പ്രകാരം ഒരു വിദ്യാര്‍ഥിയുടെയും മാര്‍ക്ക് കുറയുന്ന സാഹചര്യം ഉണ്ടാകില്ല.
പ്രവേശനപരീക്ഷാ രീതികളിലും മൂല്യനിര്‍ണയത്തിലും മാറ്റം വരുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ഭരണഘടനാ വിരുദ്ധമോ പ്രകടമായ വിവേചനമോ ഇല്ലാത്തപക്ഷം കോടതികള്‍ ഇത്തരം നയപരമായ തീരുമാനങ്ങളില്‍ ഇടപെടുന്നത് ഉചിതമല്ല.
ഹര്‍ജിക്കാരില്‍ ചിലര്‍ ഈ വര്‍ഷത്തെ പരീക്ഷ എഴുതാന്‍ അര്‍ഹതയില്ലാത്ത പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥികളായതിനാല്‍ അവരുടെ വാദത്തിന് സാധുതയില്ലെന്നും കോടതി വ്യക്തമാക്കി.
Tags : KEEM rank list normalized Kerala High Court CBSE