പത്തനംതിട്ട: പത്തനംതിട്ടയിൽ നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ ശബരിമലയിലെ സ്വർണക്കൊള്ള ഉന്നയിച്ച് എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വേദിയിൽ 'സ്വർണം കട്ടത് ആരപ്പാ' എന്ന പാരഡി ഗാനത്തിലെ വരികൾ ആലപിച്ചുകൊണ്ടാണ് അദ്ദേഹം സിപിഎമ്മിനെ കടന്നാക്രമിച്ചത്.
രാഹുൽ ഗാന്ധി വേദിയിൽ "സ്വർണം കട്ടത് ആരപ്പാ?" എന്ന് പാടിയപ്പോൾ സദസ്സിലിരുന്ന പ്രവർത്തകർ "സഖാക്കളാണെ അയ്യപ്പാ!" എന്ന് ഏറ്റുപാടി. ശബരിമലയിലെ സ്വർണം സിപിഎം നേതാക്കൾ കവർന്നുവെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിലെ പ്രമുഖ ക്ഷേത്രമായ ശബരിമലയിൽ സ്വർണക്കൊള്ള നടന്നിട്ടും, എവിടെ പോയാലും ക്ഷേത്രങ്ങളെക്കുറിച്ച് സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തിയപ്പോൾ മൗനം പാലിച്ചുവെന്ന് രാഹുൽ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയനും നരേന്ദ്ര മോദിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഡൽഹിയിൽ ബിജെപിയെ വെല്ലുവിളിക്കാൻ എൽഡിഎഫിന് കഴിയില്ലെന്ന് മോദിക്ക് അറിയാം. അതുകൊണ്ടാണ് കേരള മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസികൾ തൊടാത്തതെന്നും രാഹുൽ പറഞ്ഞു.
Tags : Rahul Gandhi LDF UDF Latest