തൃശൂർ: പ്രധാനമന്ത്രിയുടെ ഉദ്ഘാടന പരിപാടികളിലേക്കു ക്ഷണമുണ്ടെന്ന അറിയിപ്പ് ചൊവ്വാഴ്ച രാവിലെയാണു കിട്ടിയതെന്നും മണ്ഡലത്തിൽ മറ്റു പരിപാടികൾ ഉള്ളതിനാൽ പങ്കെടുക്കില്ലെന്നും മന്ത്രി എം.ബി. രാജേഷ്. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉണ്ട്. മാത്രമല്ല, ഇതിനു മുന്പ് മോദിയുടെ പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോൾ ദുരനുഭവം ഉണ്ടായെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞവട്ടം തിരുവനന്തപുരത്ത് പ്രധാനമന്ത്രിയുടെ പരിപാടിക്കു സംസ്ഥാന സർക്കാർ നിയോഗിച്ചതു തന്നെയാണ്. പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് പ്രത്യേക പാസ് ഉണ്ടായിട്ടും എസ്പിജി ഉദ്യോഗസ്ഥർ ആധാർ കാർഡ് ചോദിച്ചു. പ്രോട്ടോകോൾ ഉദ്യോഗസ്ഥർ ഇടപെട്ടിട്ടും എസ്പിജി ഉദ്യോഗസ്ഥർ വഴങ്ങാതെ വന്നതോടെ പരിപാടി ബഹിഷ്കരിക്കുകയാണെന്ന് അറിയിച്ചു.
തിരികെ കാറിന് അരികിലെത്തിയപ്പോൾ പിന്നാലെ വന്ന് വീണ്ടും ക്ഷണിക്കുകയായിരുന്നു. വിവാദമാക്കേണ്ടെന്നു കരുതിയാണ് അന്നതു പറയാതിരുന്നത്. ഇന്നത്തെ പരിപാടി അറിയിച്ചത് ചൊവ്വാഴ്ചയാണ്. അത്തരം പരിപാടികൾക്ക് പോയി സമയം കളയാനില്ലെന്നും എം.ബി. രാജേഷ് പറഞ്ഞു.
Tags : invitation Narendra Modi M.B. Rajesh