മുഖ്യമന്ത്രി വി.ഡി. സതീശൻ (File photo)
തിരുവനന്തപുരം: കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന് 9.10 കോടി രൂപ അടിയന്തരമായി അനുവദിക്കുന്നതിന് മുഖ്യമന്ത്രി വി. ഡി. സതീശൻ അംഗീകാരം നൽകി. സംസ്ഥാനത്തെ ജില്ലാ, കോളജ്, സ്കൂൾ കായിക അക്കാദമികളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നിലവിലുള്ള എല്ലാ കുടിശികകളും തീർപ്പാക്കുന്നതിനാണ് തുക അനുവദിച്ചത്. കായിക മന്ത്രി ഒ.ജെ. ജനീഷ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം.
കായികതാരങ്ങളുടെ ഭക്ഷണം, താമസം എന്നിവയ്ക്കുള്ള കുടിശിക, ഹോസ്റ്റൽ വാടക, വൈദ്യുതി - വെളളം ബില്ലുകൾ, പരിശീലകർ, പാചകത്തൊഴിലാളികൾ, വാർഡൻമാർ, സുരക്ഷാ ജീവനക്കാർ തുടങ്ങി മറ്റ് അനുബന്ധ ജീവനക്കാരുടെ കുടിശിക വേതനം എന്നിവ നൽകുന്നതിനും അക്കാദമികളുടെ മറ്റ് അത്യാവശ്യ പ്രവർത്തന ചെലവുകൾക്കുമായി തുക വിനിയോഗിക്കും.
സാമ്പത്തിക പരിമിതി കായികതാരങ്ങളുടെ പരിശീലനത്തെയും അടിസ്ഥാന ആവശ്യങ്ങളെയും ബാധിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും കുടിശികകൾ എത്രയും വേഗം തീർപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
കായികതാരങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും പരിശീലനം തടസമില്ലാതെ മുന്നോട്ടുകൊണ്ടു പോയി യുവ കായികപ്രതിഭകളെ വളർത്തിയെടുക്കുന്നതിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയെന്നതാണ് സർക്കാരിന്‍റെ ലക്ഷ്യം.
Tags : SportsCouncil KeralaGovernment Aid VDSatheesan ChiefMinister