പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ പ്രതിഷേധം വീണ്ടും ശക്തമാക്കാൻ കോൺഗ്രസ്. ഭരണഘടനാ ദിനമായ ഇന്ന് രാജ്യവ്യാപകമായി ‘സംവിധാൻ രക്ഷാ മാർച്ച്’ സംഘടിപ്പിക്കും. എല്ലാ പ്രദേശ് കോൺഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ അംബേദ്കറുടെയോ മഹാത്മാഗാന്ധിയുടെയോ പ്രതിമയ്ക്ക് മുന്നിൽനിന്നാണ് മാർച്ചുകൾ ആരംഭിക്കുക.
പ്രതിഷേധമാർച്ചുകൾക്കൊപ്പം വോട്ട് രക്ഷക് കാമ്പയിനിലൂടെ ഓരോ ബൂത്തിലുമെത്തി പട്ടികയിൽനിന്ന് പുറത്തായവരുടെ വോട്ടവകാശം തിരിച്ചുപിടിക്കാൻ കോൺഗ്രസ് പ്രവർത്തകർ സഹായം നൽകുമെന്നും എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
പ്രതിഷേധം പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതുവരെ തുടർന്നുകൊണ്ടുപോകാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. കൂടാതെ, അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലും വോട്ടർപട്ടിക ക്രമക്കേട് പ്രതിപക്ഷം ഉയർത്തിപ്പിടിക്കും.
എസ്ഐആറുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിച്ച തിരുത്തൽ നടപടികളിൽ പലതും ആരോപണങ്ങൾ ശരിവയ്ക്കുന്നതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നാണ് പ്രതിപക്ഷ ആരോപണം.
വോട്ട് കൊള്ളയുടെ കൃത്യമായ തെളിവുകൾ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രാജ്യത്തിന് മുന്നിൽ തുറന്നുകാട്ടിയതാണെന്ന് ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ കോൺഗ്രസ് ചൂണ്ടിക്കാട്ടി.
ഹരിയാന ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ ക്രമക്കേടുകൾ വോട്ടർപട്ടികയിൽ നടന്ന ആസൂത്രിതമായ അട്ടിമറികളാണ് വ്യക്തമാക്കുന്നത്. എസ്ഐആറിലൂടെ മൂന്ന് ഘട്ടങ്ങളിലായി 13 കോടിയിലധികം വോട്ടർമാർ പട്ടികയിൽനിന്ന് പുറത്തായെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി.
Tags : Vote Plunder Congress March Samvidhan Raksha Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash