വാഷിംഗ്ടൺ ഡിസി: യുക്രെയ്ൻ സംഘർഷം കൂടുതൽ വഷളാകുന്നതിനെതിരെ മുന്നറിയിപ്പുമായി യുഎസ് പ്രത്യേക പ്രതിനിധി ജറാഡ് കുഷ്നർ. "റഷ്യയ്ക്കെതിരെ യൂറോപ്പ് യുക്രെയ്നിന് പണവും ആയുധങ്ങളും നൽകി നടത്തുന്ന ഒരു നിഴൽ യുദ്ധമാണിത്’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം ചെറിയൊരു കണക്കുകൂട്ടൽ പിഴവ് പോലും യുദ്ധം വൻതോതിൽ വ്യാപിക്കാൻ ഇടയാക്കുമെന്നും വ്യക്തമാക്കി. ജർമ്മൻ പോഡ്കാസ്റ്റായ ‘എംഡി മീറ്റ്സിൽ'സംസാരിക്കുകയായിരുന്നു കുഷ്നർ.
സഹപ്രവർത്തകനായ സ്റ്റീവ് വിറ്റ്കോഫിനൊപ്പം നിരവധി തവണ ചർച്ചകൾ നടത്തിയിട്ടും റഷ്യയും യുക്രെയ്നും തമ്മിലുള്ള ഭിന്നത പരിഹരിക്കാൻ സാധിച്ചിട്ടില്ല. കിഴക്കൻ യുക്രെയ്നിലെ പ്രദേശങ്ങളെച്ചൊല്ലി റഷ്യ ഉന്നയിക്കുന്ന അവകാശവാദങ്ങളാണ് സമാധാന ചർച്ചകളിലെ പ്രധാന തടസമെന്ന് കുഷ്നർ സമ്മതിച്ചു. "പ്രസിഡന്റ് പുടിനുമായും റഷ്യൻ സംഘവുമായും മണിക്കൂറുകളോളം നടത്തിയ ചർച്ചകളിൽ നിന്ന് ഞങ്ങൾക്ക് മനസിലാക്കാൻ സാധിച്ചത് അതിർത്തി തർക്കത്തിൽ ഇപ്പോഴും സ്തംഭനാവസ്ഥ നിലനിൽക്കുന്നു എന്നാണ്’ - അദ്ദേഹം പറഞ്ഞു.
യുക്രെയ്നിനെ പിന്തുണയ്ക്കുമ്പോൾ തന്നെ റഷ്യൻ ഊർജത്തിനായി വൻതുക ചെലവഴിക്കുന്ന യൂറോപ്യൻ രാജ്യങ്ങളുടെ ഇരട്ടത്താപ്പിനെയും കുഷ്നർ രൂക്ഷമായി വിമർശിച്ചു. ഈ സംഘർഷത്തിനിടയിൽ യൂറോപ്പ് റഷ്യയിൽനിന്ന് 250 ബില്യൺ ഡോളറിലധികം മൂല്യമുള്ള ഫോസിൽ ഇന്ധനങ്ങൾ വാങ്ങിയിട്ടുണ്ട്. എന്റെ പക്കലുള്ള കണക്കുകൾ ശരിയാണെങ്കിൽ ഈ യുദ്ധകാലത്ത് യുക്രെയ്നിന് നൽകിയ സഹായത്തേക്കാൾ കൂടുതൽ പണം യൂറോപ്പ് റഷ്യയ്ക്കാണ് നൽകിയിട്ടുള്ളതെന്ന് കുഷ്നർ ആരോപിച്ചു.
Tags : Russian fuel Ukraine aid Europe spent Jared Kushner Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews