സിൻഡറോവും ഗുകേഷും മത്സരത്തിനിടെ.
ഫിഡെ ലോക ചെസ് ചാമ്പ്യൻഷിപ്പിലെ രണ്ടാം മത്സരവും സമനിലയിൽ അവസാനിച്ചു. നിലവിലെ ചാമ്പ്യൻ ഇന്ത്യയുടെ ഡി. ഗുകേഷും ഉസ്ബക്കിസ്ഥാന്റെ ജാവോഖിർ സിൻഡറോവും തമ്മിലുള്ള രണ്ടാം പോരാട്ടം വെറും 20 നീക്കങ്ങൾക്കൊടുവിലാണ് സമനിലയിൽ പിരിഞ്ഞത്.
മൂന്നു തവണ ഒരേ പൊസിഷൻ ആവർത്തിച്ചതിനെത്തുടർന്നായിരുന്നു സമനില. ഇതോടെ 14 മത്സരങ്ങളുള്ള ചാമ്പ്യൻഷിപ്പിൽ ഓരോ പോയിന്റുമായി ഇരുവരും ഒപ്പത്തിനൊപ്പം.
ആദ്യ മത്സരത്തിൽ കറുത്ത കരുക്കളുമായി കളിച്ച് സമനില നേടിയ ഗുകേഷ് രണ്ടാം മത്സരത്തിൽ വെള്ളക്കരുക്കളുമായാണ് കളത്തിലിറങ്ങിയത്. ആദ്യ നീക്കത്തിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തി സിൻഡറോവിനെ സമ്മർദത്തിലാക്കുക എന്നതായിരുന്നു ഇന്ത്യൻ താരത്തിന്റെ ലക്ഷ്യം. ഇതിനായി 1.d4 എന്ന നീക്കത്തോടെ ലണ്ടൻ സിസ്റ്റമാണ് ഗുകേഷ് തെരഞ്ഞെടുത്തത്. ഈ ഓപ്പണിംഗ് പ്രതീക്ഷിച്ചിരുന്നില്ലെന്നു സിൻഡറോവ് മത്സരശേഷം പറഞ്ഞു.
ഏഴാം നീക്കത്തിൽ തന്നെ ക്വീൻ b6-ലേക്കു മാറ്റിയ സിൻഡറോവ് ക്വീൻ സൈഡിൽ സമ്മർദം സൃഷ്ടിച്ചു. ഗുകേഷ് 8.Rb1 എന്ന നീക്കത്തിലൂടെ ഇതിനു മറുപടി നൽകി. തുടർന്നുള്ള നീക്കങ്ങളിൽ ഇരുവരും കുതിരകളെ കൈമാറുകയും സിൻഡറോവ് കിംഗ് സൈഡിൽ കാസിൽ ചെയ്യുകയും ചെയ്തു.
15-ാം നീക്കത്തിൽ f3 കളിക്കുന്നതിന് മുമ്പ് ഗുകേഷ് ഏകദേശം 29 മിനിറ്റ് ചിന്തിച്ചത് മത്സരത്തിലെ ശ്രദ്ധേയമായ സംഭവമായിരുന്നു. ഇതോടെ സമയത്തിന്റെ കാര്യത്തിൽ സിൻഡറോവിന് വ്യക്തമായ മുൻതൂക്കം ലഭിച്ചു.
ആദ്യ മത്സരത്തിൽ റൂയ് ലോപ്പസ് ഓപ്പണിങ്ങിലെ ബെർലിൻ ഡിഫൻസിലൂടെ ഗുകേഷ് സിൻഡറോവിന്റെ നീക്കങ്ങളെ വിജയകരമായി പ്രതിരോധിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ലണ്ടൻ സിസ്റ്റത്തിനെതിരെ കൃത്യമായ തയാറെടുപ്പുമായാണ് ഉസ്ബക് താരം എത്തിയത്. ഗുകേഷിന് നിർണായകമായ മുൻതൂക്കം നേടാൻ കഴിഞ്ഞുമില്ല.
Tags : World Chess Championship FIDE World Chess D. Gukesh Javokhir Sindarov Sports Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash