സമ്മാനം നേടിയ ഇന്ത്യൻ കലാസൃഷ്ടികളിലൊന്ന്.
വെനീസ്: ലോകപ്രശസ്തമായ വെനീസ് ആർട്ട് ബിനാലെയിൽ മികച്ച ദേശീയ പങ്കാളിത്തത്തിനുള്ള ‘വിസിറ്റേഴ്സ് ലയൺ’ പുരസ്കാരം ഇന്ത്യൻ പവലിയൻ സ്വന്തമാക്കി.
കലാലോകത്തെ ഒളിമ്പിക്സ് എന്നറിയപ്പെടുന്ന വെനീസ് ബിനാലെയിൽ ലോകമെമ്പാടുമുള്ള സന്ദർശകരുടെ വോട്ടെടുപ്പിലൂടെയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. രാജ്യത്തിന്റെ വർധിച്ചുവരുന്ന സാംസ്കാരികസ്വാധീനത്തിനുള്ള വലിയ അംഗീകാരമാണിതെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു.
ഏഴു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യൻ പവലിയൻ വെനീസ് ബിനാലെയിൽ തിരിച്ചെത്തിയത്. ‘ജിയോഗ്രഫീസ് ഓഫ് ഡിസ്റ്റൻസ്: റിമെംബറിംഗ് ഹോം’ എന്ന പ്രമേയത്തിൽ ഒരുക്കിയ പവലിയൻ, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്തെ ഓർമകളെയും വേരുകളെയും കുറിച്ചാണ് അന്വേഷിച്ചത്. മേയ് ഒന്പതു മുതൽ ഈമാസം 22 വരെ വെനീസിലെ അഴ്സെനാലെയിലായിരുന്നു പ്രദർശനം നടന്നത്.
അമീൻ ജാഫർ ക്യൂറേറ്റ് ചെയ്ത ഇന്ത്യൻ പവലിയൻ കേന്ദ്ര സാംസ്കാരിക മന്ത്രാലയം, നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ, സെറൻഡിപിറ്റി ആർട്സ് എന്നിവരുമായി സഹകരിച്ചാണ് ഒരുക്കിയത്.
സുമാക്ഷി സിംഗ്, ആൾവാർ ബാലസുബ്രഹ്മണ്യം, രഞ്ജനി ഷെട്ടാർ, സ്കർമ സോനം താഷി, അസിം വാഖിഫ് എന്നീ അഞ്ച് പ്രമുഖ ഇന്ത്യൻ കലാകാരന്മാരുടെ സൃഷ്ടികളാണു പവലിയനിൽ പ്രദർശിപ്പിച്ചത്.
61-ാമത് അന്താരാഷ്ട്ര കലാപ്രദർശനത്തിൽ മികച്ച വ്യക്തിഗത പങ്കാളിത്തത്തിനുള്ള വിസിറ്റേഴ്സ് ലയൺ പുരസ്കാരം അമേരിക്കൻ കലാകാരൻ നിക്ക് കേവ് സ്വന്തമാക്കി.
Tags : Venice Biennale Indian Pavilion Award Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash