ബോംബെ ഹൈക്കോടതി
മുംബൈ: മുംബൈ ഭീകരാക്രമണത്തിന് 18 വർഷം പിന്നിടുന്പോഴും, കേസിൽ പിടിയിലായ ഏക പാക്കിസ്ഥാൻ ഭീകരൻ അജ്മൽ കസബിനായി ബോംബെ ഹൈക്കോടതിയിൽ വാദിച്ച രണ്ട് അഭിഭാഷകർക്ക് ഇനിയും പ്രതിഫലം ലഭിച്ചിട്ടില്ല.
കസബിനായി ഹാജരായ അമിൻ സോൽകർ, ഫർഹാന ഷാ എന്നീ അഭിഭാഷകരാണ് വിചാരണനടപടികൾ അവസാനിച്ച് 15 വർഷത്തിലേറെയായിട്ടും ഫീസിനായി കാത്തിരിക്കുന്നത്.
ബോബൈ ഹൈക്കോടതിയുടെ നിർദേശത്തെതുടർന്ന് മഹാരാഷ്ട്ര ലീഗൽ സെൽ അഥോററ്റിയാണ് അജ്മൽ കസബിനായി അഭിഭാഷകരെ നിയമിച്ചത്. പ്രോസിക്യൂഷന്റെ ശന്പളസ്കെയിലുമായി തങ്ങളുടെ പ്രതിഫലനിരക്ക് ബന്ധിപ്പിച്ചാണ് നിയമന ഉത്തരവ് നൽകിയിരുന്നതെന്ന് അമിൻ സോൽകർ പറഞ്ഞു.
ഫീസ് നിശ്ചയിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും ഇപ്പോൾ കൈവശമില്ലാത്ത രേഖകൾ ഉദ്യോഗസ്ഥർ വീണ്ടും ആവശ്യപ്പെടുകയാണെന്ന് അഭിഭാഷകർ പറയുന്നു. അതേസമയം, ഔദ്യോഗിക ബില്ലുകൾ സമർപ്പിക്കുന്നത് സാധാരണ നടപടിക്രമമാണെന്നാണ് നിയമ അഥോറിറ്റിയുടെ നിലപാട്.
കേസിൽ ശിക്ഷിക്കപ്പെട്ട അജ്മൽ കസബിനെ 2012 നവംബർ 21-ന് പുന യെർവാദ സെൻട്രൽ ജയിലിൽ തൂക്കിലേറ്റി.
Tags : Ajmal Kasab Mumbai Terror Attack No Fees Lawyers Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash