പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണ (എസ്ഐആർ) ത്തിനിടെ വോട്ടർമാരുടെ വ്യക്തിഗത വിവരങ്ങളിലെ പിഴവുകൾ കണ്ടെത്തി തിരുത്താൻ 26 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഉദ്യോഗസ്ഥർക്ക് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ നിർദേശം നൽകി.
വോട്ടറുടെ അറിവോടും ഒപ്പോടും കൂടി സമർപ്പിക്കുന്ന ഫോം-8 ന്റെ അടിസ്ഥാനത്തിൽ മാത്രമേ തിരുത്തലുകൾ വരുത്താവൂവെന്നും ഓട്ടോമേറ്റഡ് സംവിധാനങ്ങളിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ മാത്രം പട്ടികയിൽ മാറ്റം വരുത്തരുതെന്നും കമ്മിഷൻ കർശന നിർദേശം നൽകിയിട്ടുണ്ട്.
ഇന്നലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർമാർക്ക് അയച്ച കത്തിലാണ് കമ്മിഷൻ ഇക്കാര്യം വ്യക്തമാക്കിയത്. 2027 ജനുവരി ഒന്ന് യോഗ്യതാതീയതിയായി നിശ്ചയിച്ച് നടത്തുന്ന വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായാണു നടപടി.
നിലവിലെ വോട്ടർ പട്ടികയിലെ വിവരങ്ങൾ നേരത്തേ നടന്ന എസ്ഐആർ സമയത്തു ശേഖരിച്ച വിവരങ്ങളുമായി ഒത്തുനോക്കണം. പേര്, ബന്ധുക്കളുടെ പേരും ബന്ധത്തിന്റെ സ്വഭാവവും, ജനനത്തീയതി, മൊബൈൽ നമ്പർ, ഫോട്ടോ എന്നിവയിലെ പൊരുത്തക്കേടുകൾ കണ്ടെത്തി പ്രത്യേകം അടയാളപ്പെടുത്തണം. അടയാളപ്പെടുത്തിയ വോട്ടർമാരുടെ വീടുകളിൽ ബിഎൽഒ നേരിട്ടെത്തി വിവരങ്ങൾ പരിശോധിക്കുകയും തിരുത്തലുകൾ ആവശ്യമുള്ളിടത്ത് വോട്ടർ ഒപ്പിട്ട ഫോം-8 അപേക്ഷകൾ വാങ്ങുകയും വേണം.
അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ എന്നിവർ ഈ അപേക്ഷകൾ പരിശോധിച്ച് നിയമപരമായ നടപടിക്രമങ്ങളിലൂടെ തീർപ്പാക്കണം. തെരഞ്ഞെടുപ്പു കമ്മിഷന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ഇസിഐ നെറ്റിലെ ബന്ധപ്പെട്ട മൊഡ്യൂളുകൾ വഴിയാണു ഈ പ്രക്രിയ പൂർത്തിയാക്കേണ്ടത്.
കേരളം, ലക്ഷദ്വീപ്, പുതുച്ചേരി, തമിഴ്നാട്, കർണാടക, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ആസാം, ബിഹാർ, ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, മണിപ്പുർ, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ, അരുണാചൽ പ്രദേശ്, ചണ്ഡിഗഡ്, ദാദ്ര നഗർ ഹവേലി ആൻഡ് ദാമൻ ദിയു, മിസോറം, ഒഡീഷ, സിക്കിം, മേഘാലയ എന്നിവിടങ്ങളിലാണ് ഈ നിർദേശം ബാധകമാക്കിയിരിക്കുന്നത്. ഡിജിറ്റൽ പരിശോധനയിലൂടെ നേരിട്ടു മാറ്റം വരുത്തുന്നതിനുപകരം വോട്ടറുടെ നേരിട്ടുള്ള സ്ഥിരീകരണത്തോടെ കുറ്റമറ്റ രീതിയിൽ തിരുത്തലുകൾ ഉറപ്പാക്കുകയാണ് കമ്മിഷൻ ഇതിലൂടെ ലക്ഷ്യമിടുന്നത്.
Tags : Election Commission verify electoral roll Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash